വെയര്‍ഹൗസില്‍ മദ്യം വില്‍ക്കില്ല; ലോക്ക് ഡൗണ്‍ കഴിയുംവരെ വില്പന ഇല്ലെന്നും മന്ത്രി
തിരുവനന്തപുര: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തീരും വരെ മദ്യവില്പന ഉണ്ടാകില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. വെയര്‍ഹൗസില്‍ മദ്യ വില്പനയുണ്ടാകുമെന്നത് അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണ്. ബിവറേജസ് ഗോഡൗണുകളില്‍ നിന്ന് തല്ക്കാലം മദ്യ വില്പന ഉണ്ടാകില്ല. ലോക്ക്ഡൗണില്‍ മദ്യം വില്‍ക്കരുതെന്ന കോടതിയുടെയും കേന്ദ്രത്തിന്റെയും നിര്‍ദേശം ലംഘിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം ലഭ്യമാക്കുന്ന തീരുമാനപ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതതോടെ ചട്ട ഭേദഗതിക്ക് തല്ക്കാലം പ്രസക്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കടകള്‍ തുറക്കാന്‍ അനുമതി നല്കി ലോക്ക് ഡൗണില്‍ വരുത്തിയ ഇളവ് മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മദ്യവില്പനയ്ക്കു നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേരളത്തിലും നിയന്ത്രണം തുടരുമെന്ന് മന്ത്രി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."