മണിമുഴങ്ങും മുന്‍പെ പ്രതിരോധത്തിന്റെ ഒരുക്കം
ചെറുവത്തൂര്‍: അധ്യാപക പരിശീലനങ്ങളും അടുത്ത അധ്യയന വര്‍ഷത്തേക്ക് നവാഗതരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളും നടക്കേണ്ട സമയമാണിത്. എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്നത് വിദ്യാര്‍ഥികള്‍ക്കായുള്ള കൊവിഡ് പ്രതിരോധത്തിന്റെ ഒരുക്കങ്ങള്‍. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 50 ലക്ഷം മുഖാവരണങ്ങള്‍ ഒരുക്കുകയാണ് സമഗ്ര ശിക്ഷ കേരള. ശുചിത്വത്തിന്റെയും രോഗപ്രതിരോധത്തിന്റെയും പുതിയ പാഠങ്ങള്‍ കൂടി ചേര്‍ത്തുവച്ചാകും അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ മണിമുഴങ്ങുക. സംസ്ഥാനത്ത് 45 ലക്ഷത്തോളം കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. ഇതിനൊപ്പം നവാഗതരായി എത്തുന്ന കുട്ടികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് 50 ലക്ഷം മുഖാവരണങ്ങള്‍ ഒരുക്കുന്നത്. കഴുകി അണുവിമുക്തമാക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്.
ബി.ആര്‍.സി കള്‍ക്കാണ് ചുമതല. ഓരോ ബി.ആര്‍.സികളില്‍ നിന്നും ചുരുങ്ങിയത് മുപ്പതിനായിരം മുഖാവരണങ്ങള്‍ നിര്‍മിക്കാനാണ് നിര്‍ദേശം. സമഗ്രശിക്ഷാ ജീവനക്കാര്‍ നിര്‍മാണം ഏറ്റെടുക്കും. ഒരേ വലുപ്പത്തില്‍ കോട്ടന്‍ തുണികളിര്‍ വിവിധ നിറങ്ങളില്‍ മുഖാവരണങ്ങള്‍ നിര്‍മിക്കും. 17 സെ.മി നീളവും 14 സെ.മി വീതിയുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പൂര്‍ത്തിയാകാനുള്ള പൊതു പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും കൂടി മുഖാവരണം ലഭ്യമാക്കും. 2020- 21 അധ്യയന വര്‍ഷത്തെ യൂനിഫോമിനായുള്ള തുകയില്‍ നിന്നും മുഖാവരത്തിനുള്ള തുക ബി.ആര്‍.സി.കള്‍ വിനിയോഗിക്കും. മൂന്നു രൂപയാണ് ഒന്നിന് ചെലവ് കണക്കാക്കുന്നത്. സമഗ്ര ശിക്ഷ ജീവനക്കാര്‍ക്കൊപ്പം, റിസോഴ്‌സ് അധ്യാപകര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം കൂടി നിര്‍മാണത്തിനായി ഉറപ്പാക്കും. സാമൂഹിക അകലം പാലിച്ച് ശുചിത്വത്തോടെ വേണം മുഖാവരണം നിര്‍മിക്കേണ്ടതെന്ന നിര്‍ദേശം ബി.ആര്‍.സികള്‍ക്ക് നല്‍കിയിട്ടുണ്ട്. മെയ് 15 നുള്ളില്‍ മുഖാവരണം തയാറാക്കി 30 നകം വിദ്യാലയങ്ങളില്‍ എത്തിക്കും. ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് ഒന്ന് എന്ന നിലയിലാണ് നല്‍കുക.
അതേ സമയം അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഒന്നര മാസത്തോളമായി വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ശുചീകരണം ഉള്‍പ്പെടെ വലിയ വെല്ലുവിളിയാകും. ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അത് നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."