നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു
തിരുവനന്തപുരം: സിനിമ, സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. വഴുതക്കാട് ടി.എന്‍ ഗോപിനാഥന്‍ നായര്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
1986ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നൂറോളം സീരിയലുകളില്‍ അഭിനയിച്ചു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ സ്വാതിതിരുനാളാണ് ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മിഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് അവസാനം അഭിനയിച്ച ചിത്രം.25ഓളം ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നാടകകൃത്ത് ടി.എന്‍ ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മരുമകനാണ്. ഭാര്യ: ഗീതാലക്ഷ്മി. സഹോദരങ്ങള്‍: നന്ദന്‍ വള്ളത്തോള്‍, മീനാക്ഷി വള്ളത്തോള്‍. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതിന് തൈക്കാട് ശാന്തികവാടത്തില്‍. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 'തണല്‍' എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ ബാലന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."