റമദാന്: വഖ്ഫ് സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വഖ്ഫ് ബോര്‍ഡ്
കൊച്ചി: കൊവിഡ് ഭീഷണിയുള്ളതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് റമദാനില്‍ വഖ്ഫ് സ്ഥാപനങ്ങളായ പള്ളികള്‍, മദ്റസകള്‍, യത്തീംഖാനകള്‍, അറബിക് കോളജുകള്‍, മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , മഖാം-ജാറം കമ്മിറ്റികള്‍ എന്നിവ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുവാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്മാന് അഡ്വ.ടി.കെ ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
റമദാനില്‍ വഖ്ഫ് സ്ഥാപനങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു. വഖ്ഫ് സ്ഥാപനങ്ങളിലെ ഇമാം,ഖത്വീബ്, മുഅദ്ദിന് എന്നിവരുടെ പെന്ഷന് കുടിശ്ശിക നല്‍കുന്നതിന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ള സ്പെഷല്‍ ഗ്രാന്റ് അനുവദിക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുവാനും യോഗം തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ പി.ഉബൈദുല്ല എം.എല്‍.എ , പി.ടി.എ റഹീം എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍,അഡ്വ.എം ഷറഫുദ്ദീന്, റസിയ ഇബ്രാഹിം,ഗവ.ജോയിന്റ് സെക്രട്ടറി വി.എം റഹ്ന, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."