ഭീമ കൊറേഗാവ്: ആനന്ദ് തെല്‍തുംദെയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെയുടെ ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ ലോക്ക്ഡൗണ്‍ കോടതി തള്ളി. മെയ് എട്ടുവരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ഇടക്കാല ജാമ്യാപേക്ഷയില്‍ വാദം കേട്ട എന്‍.ഐ.എ കോടതി പ്രത്യേക ജഡ്ജി ഡി.ഇ കോതലികര്‍ കൊവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലിക ജാമ്യം നല്‍കണമെന്ന ഹരജി തള്ളുകയായിരുന്നു. ശ്വാസതടസമുള്ള തനിക്ക് കൊവിഡ് ബാധിക്കുന്നത് ഗുരുതരാവസ്ഥയുണ്ടാക്കുമെന്ന് ഐ.ഐ.ടി അധ്യാപകനായിരുന്ന തെല്‍തുംദെ വാദിച്ചു. തെല്‍തുംദെ എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുന്ന മുംബൈ ജയിലിലെ ഒരു അസി. സബ് ഇന്‍സ്‌പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പെട്രോനെറ്റ് ഇന്ത്യ സി.ഇ.ഒയും എന്‍ജിനീയറുമായ തെല്‍തുംദെയെ എല്‍ഗാര്‍ പരിഷത് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് എന്‍.ഐ.എ പ്രതിയാക്കിയത്. ഏപ്രില്‍ 14ന് മുംബൈയില്‍ എന്‍.ഐ.എ കോടതി മുന്‍പാകെ കീഴടങ്ങിയ അദ്ദേഹത്തെ 25 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആനന്ദ് തെല്‍തുംദെയുടെ മൊബൈല്‍ഫോണില്‍ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2018 ജനുവരി എട്ടിനാണ് ഡോ. തെല്‍തുംദെയെയും മറ്റു ഒന്‍പതു പേരെയും പൂനെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."