സി.പി.ഐയില്‍ പാളയത്തില്‍ പട രൂക്ഷം
ആലപ്പുഴ: സി.പി.ഐയില്‍ പാളയത്തില്‍ പട രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിമാര്‍ക്കും നേതാക്കന്മാര്ക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തിരുന്നു. പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും വിമര്‍ശനം രൂക്ഷമായപ്പോള്‍ ഒരു ഘട്ടത്തില്‍ കാനം വേദി വിടാന്‍ ഒരുങ്ങി.
എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ച് സെക്രട്ടറിയെ വേദിയിലിരുത്തുകയായിരുന്നു. ഏറെ താമസിയാതെ യോഗം പിരിച്ചുവിടുകയും ചെയ്തു. യോഗത്തിലെ അജന്‍ഡയില്‍നിന്ന് പ്രവര്‍ത്തകര്‍ നീങ്ങിയതാണ് സെക്രട്ടറിയെ ചൊടിപ്പിച്ചത്രെ.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മതേതര മുന്നണിയുണ്ടാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. കോണ്‍ഗ്രസിനെ പാര്‍ട്ടി നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സന്ധിവേണ്ടെന്ന തീരുമാനത്തിലായിരുന്നു അണികള്‍. മുഴുവന്‍ ജില്ലകളിലും ഇത്തരത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. എന്നാല്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗം അലസിയതോടെ നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്. നേരത്തെ ജില്ലയിലെ സി.പി. ഐ നേതൃത്വം പിണറായി സര്‍ക്കാരിനെ നേരിട്ട് എതിര്‍ത്ത് ജാഥയും ധര്‍ണയും നടത്തിയത് സംസ്ഥാന നേതൃത്വത്തിന് വലിയ മാനക്കേടുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."