കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ബൂര്‍ഷ്വാ മന്ത്രി
രാജിവച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി കഴിഞ്ഞദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ഇടതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ തന്നെ എന്‍.സി.പിയില്‍ നിന്നും താന്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച കുട്ടനാട് എം.എല്‍.എ തന്റെ വകുപ്പും അന്ന് പ്രഖ്യാപിച്ചിരുന്നു. ജലവിഭവ വകുപ്പായിരിക്കും തനിക്ക് ലഭിക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുതന്നെ തോമസ് ചാണ്ടി തറപ്പിച്ച് പറഞ്ഞിരുന്നു. ശശീന്ദ്രന് നറുക്ക് വീണപ്പോള്‍ പകുതി ഭരണം തനിക്കായിരിക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞെങ്കിലും എന്‍.സി.പി നേതൃത്വം അതത്ര ഗൗരവത്തിലെടുത്തില്ല. രണ്ടര വര്‍ഷം കഴിയും മുന്‍പുതന്നെ തോമസ് ചാണ്ടിക്ക് മന്ത്രിപദവി ലഭിച്ചിരിക്കുകയാണ്. എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ട് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുവോളമാണ് മന്ത്രിപദവി എന്ന് പറയുന്നുണ്ടെങ്കിലും തോമസ് ചാണ്ടി ഒഴിയുമോ എന്ന് അപ്പോഴറിയാം.
അവകാശപ്പെട്ട മന്ത്രിസ്ഥാനത്തിന് തോമസ് ചാണ്ടിയുടെ പേര് നിര്‍ദേശിക്കാനായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എന്‍.സി.പി നേതൃയോഗം ചേര്‍ന്നത്. തീരുമാനത്തിന്റെ ചൂടാറുന്നതിനുമുന്‍പ് എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ വീണ്ടും കുഴമറിച്ചില്‍ സംഭവിച്ചു. സ്ത്രീയുമായി എ.കെ ശശീന്ദ്രന്‍ നടത്തിയ ഫോണ്‍വിളിയില്‍ മാപ്പുചോദിച്ചുകൊണ്ട് സ്വകാര്യ ചാനല്‍ നടത്തിയ സംപ്രേഷണത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ തന്നെ മന്ത്രിയാകുമെന്ന ധാരണ പരന്നത്. എന്നാല്‍ അപ്പോഴേക്കും തോമസ് ചാണ്ടിയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള കത്ത് ഇടതുപക്ഷ മുന്നണിക്ക് നല്‍കാനായി തയാറാക്കിയിരുന്നു. ഇന്നലെ ഇടതുപക്ഷ ഏകോപന സമിതിയില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ കത്ത് സമര്‍പ്പിച്ചതോടെ തോമസ് ചാണ്ടിയുടെ പേര് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാടെടുത്തതും തോമസ് ചാണ്ടിക്ക് തുണയായി. മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലാത്ത തോമസ് ചാണ്ടിയെ കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത് ദുരൂഹം തന്നെ. ശശീന്ദ്രന്‍ രാജി വച്ചപ്പോള്‍ തന്നെ മന്ത്രിയാകാന്‍ തോമസ് ചാണ്ടി തയാറെടുത്തിരുന്നു. നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുവാനുള്ള പദ്ധതിയും അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് പറഞ്ഞിരുന്നു.
എന്‍.സി.പിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം അവരുടെ രണ്ടാമത്തെ എം.എല്‍.എക്ക് നല്‍കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. രണ്ട് അംഗങ്ങള്‍ മാത്രമുള്ള എന്‍.സി.പിക്ക് തോമസ് ചാണ്ടിയെ മാറ്റി മറ്റൊരാളെ നിര്‍ദേശിക്കാനാവുകയുമില്ല. എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന് ചാനല്‍ മാപ്പു പറഞ്ഞെങ്കിലും പ്രശ്‌നം അതോടെ തീരുന്നില്ല. മന്ത്രിസഭാ യോഗം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ക്രൈംബ്രാഞ്ച് വേറൊരു അന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാനലിന്റെ മാപ്പപേക്ഷയില്‍ മാത്രം തീരുന്നില്ല പ്രശ്‌നം. ക്രൈം ബ്രാഞ്ച് സ്വകാര്യ ചാനല്‍ എം.ഡിക്കും എട്ടു പേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അന്വേഷണ ഫലത്തെ ആശ്രയിച്ചിരിക്കുന്നു എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശം.
പക്ഷെ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നൈതികതയാണ് ഇല്ലാതായിരിക്കുന്നത്. ആറ് മാസം കുവൈത്ത് ജയിലില്‍ തടവില്‍ കഴിഞ്ഞ ഗള്‍ഫ് വ്യവസായിയാണ് തോമസ് ചാണ്ടിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ തന്നെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരിക്കുകയാണ്. കുട്ടനാട്ടില്‍ അദ്ദേഹം വിജയിച്ചത് വന്‍തോതില്‍ പണം വാരിയെറിഞ്ഞാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഒരു ബൂര്‍ഷ്വയെ മന്ത്രിസഭയിലെടുത്തത് ഇടതുപക്ഷത്തിന് ചേര്‍ന്നതായില്ല. ഇതര മന്ത്രിമാര്‍ മൂന്നുമാസത്തേക്ക് വകുപ്പ് കൈകാര്യം ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു വന്‍കിട ബൂര്‍ഷ്വയെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെടുത്തുകൊണ്ട് പിണറായി മന്ത്രിസഭ അതിന്റെ ആദര്‍ശ പാപ്പരത്തം വിളിച്ചോതിയിരിക്കുന്നു. കമ്മ്യൂണിസവുമായോ ഇടതുപക്ഷ ആശയവുമായോ വിദൂര ബന്ധം പോലുമില്ലാത്ത ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കോടീശ്വരനെ മന്ത്രിയാക്കുന്നതിലൂടെ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സദാചാരമാണ് വീണ് തകര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."