രാജ്യത്ത് പൊലിസ് സേനയില്‍ നാലിലൊന്ന് അംഗങ്ങളുടെ കുറവ്
ന്യൂഡല്‍ഹി: രാജ്യത്തു കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും പൊലിസ് സേനയില്‍ ആവശ്യമായതിന്റെ നാലിലൊന്ന് ശേഷി കുറവ്. ഇന്ത്യയിലൊട്ടാകെ ആവശ്യമുള്ളതിന്റെ 24 ശതമാനം തസ്തിക പൊലിസ് സേനയില്‍ നികത്തപ്പെടാതെ കിടക്കുകയാണ്.
22,80,691 പൊലിസ് ഉദ്യോഗസ്ഥരാണ് ഇന്ത്യയില്‍ ആകെ നിയമപാലനത്തിനായി ഉണ്ടാകേണ്ടത്. എന്നാല്‍ 5,49,025 ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഇതില്‍ സേനയുടെ ശേഷി ഏറ്റവും കുറവ് അനുഭവപ്പെടുന്നത് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്ത് 3.63 ലക്ഷം പൊലിസ് ഉദ്യോഗസ്ഥരാണ് വേണ്ടത്. എന്നാല്‍ ഇതിന്റെ പകുതി ഉദ്യോഗസ്ഥര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. യു.പിയിലെ 21 കോടി ജനങ്ങളുടെ ക്രമസമാധാനപാലനത്തിന് സംസ്ഥാന പൊലിസില്‍ ആകെ 1.81 ലക്ഷം പേര്‍ മാത്രമാണുള്ളത്.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2015ലെ കണക്കുപ്രകാരം ലക്ഷത്തിന് 1,239 എന്നതാണ് സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ പൊലിസ് സേനയുടെ കുറവ് കൂടുതല്‍ അനുഭവപ്പെടുന്നത് കര്‍ണാടകയിലാണ്. ഇവിടെ 1,10,210 സേനയാണു വേണ്ടത്. 39,276 പേരുടെ കുറവാണ് കര്‍ണാടകയിലുള്ളത്. ഇത് ആകെ വേണ്ടതിന്റെ 35 ശതമാനം വരും.
പശ്ചിമ ബംഗാളില്‍ 33 ശതമാനം പൊലിസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ആകെ ആവശ്യമായ 1,01,482 ഉദ്യോഗസ്ഥരില്‍ 33,630 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊലിസ് സേനയില്‍ കാര്യമായ ഒഴിവില്ല. നാഗാലാന്‍ഡ്, ദാദ്ര ആന്‍ഡ് നഗര്‍ഹവേലി എന്നിവിടങ്ങളില്‍ ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരുണ്ട്. മൂന്നരലക്ഷത്തോളം ജനസംഖ്യയുള്ള ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ 310 പൊലിസ് ഉദ്യോഗസ്ഥരാണ് ആവശ്യമെങ്കില്‍ ഇവിടെ ഇപ്പോള്‍ 334 ഉദ്യോഗസ്ഥരുണ്ട്.
ഛത്തിസ്ഗഡില്‍ 852 ഉം ലക്ഷദ്വീപില്‍ 66ഉം പുതുച്ചേരിയില്‍ 862ഉം ഒഴിവുകള്‍ നികത്താനുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആകെ 82,242 പൊലിസ് ഓഫിസര്‍മാരാണ് വേണ്ടത്. എന്നാല്‍ ഇവിടെ 5,894 പേരുടെ കുറവാണുള്ളത്.
ജാര്‍ഖണ്ഡിലും തെലങ്കാനയിലും 26 ശതമാനവും ബിഹാറില്‍ 24 ശതമാനവും ഒഡീഷയില്‍ 16.2 ശതമാനവും ആന്ധ്രപ്രദേശില്‍ 16 ശതമാനവും കുറവുണ്ട്. മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങള്‍ കൂടിയാണ് ഇവ. മിസോറമില്‍ 25ഉം മണിപ്പൂരില്‍ 21ഉം ശതമാനം പൊലിസ് തസ്‌കിത ഒഴിഞ്ഞുകിടക്കുകയാണ്.
കേരളാ പൊലിസില്‍ 6,621 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 26,054 ആണ്. ഗുജറാത്ത് പൊലിസില്‍ മൂന്നിലൊന്ന് കുറവുണ്ട്.
ആകെ ആവശ്യമുള്ള 32,556 തസ്തികകളില്‍ 1,03,047 പേരുടെ ഒഴിവാണുള്ളത്. ഹരിയാനയില്‍ 19,305, മഹാരാഷ്ട്രയില്‍ 15,099 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഐക്യരാഷ്ട്രസഭ കണക്കു പ്രകാരം ഒരുലക്ഷംപേര്‍ക്ക് 222 പൊലിസ് ഉദ്യോഗസ്ഥര്‍ വേണമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരുലക്ഷം പേര്‍ക്ക് 106 പൊലിസ് ഉദ്യോഗസ്ഥരെയുള്ളൂ. രാജ്യത്തുടനീളം ആയിരത്തോളം ഐ.പി.എസ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."