മധുര പ്രതികാരം: കരോലിന മരിനെ കീഴടക്കി പി.വി സിന്ധു ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി
ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഫൈനലിലെ തോല്‍വിക്ക് പി.വി സിന്ധു പകരം വീട്ടി. ഒളിംപിക്‌സ് ബാഡ്മിന്റണില്‍ തന്നെ കീഴടക്കി സ്വര്‍ണം സ്വന്തമാക്കിയ സ്പാനിഷ് താരം കരോലിന മരിനെ സ്വന്തം മണ്ണില്‍ അടിയറവു പറയിച്ച് പി.വി സിന്ധു ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലെ കന്നി കിരീടം സ്വന്തമാക്കി. മുക്കാല്‍ മണിക്കൂര്‍ മാത്രം നീണ്ട പോരാട്ടത്തില്‍ 21-19, 21-16 എന്ന സ്‌കോറിനാണു ഇന്ത്യ താരം വിജയവും ചാംപ്യന്‍പട്ടവും വരുതിയിലാക്കിയത്.
സിരി ഫോര്‍ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഒളിംപിക്‌സ് ഫൈനലിന്റെ ആവര്‍ത്തനത്തിനു വേദിയായപ്പോള്‍ വിജയം സിന്ധുവിനെയാണു കടാക്ഷിച്ചത്. സിന്ധു സമസ്ത മേഖലയിലും മുന്നില്‍ നിന്നതോടെ ടൂര്‍ണമെന്റില്‍ മികവു പുലര്‍ത്തിയ മരിന്‍ വിയര്‍ത്തു.
കളിയുടെ തുടക്കം മുതല്‍ ലീഡുമായി ഇന്ത്യന്‍ താരം കുതിച്ചു. 6-1 എന്ന നിലയില്‍ ലീഡെടുത്ത സിന്ധുവിനെതിരേ മരിന്‍ തിരിച്ചടിച്ചു മുന്നേറാനുള്ള ശ്രമം നടത്തി. പോയിന്റ് 9-7 എന്ന നിലയിലേക്കെത്തിക്കാന്‍ സ്പാനിഷ് താരത്തിനായി. പോയിന്റ് സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ സിന്ധു പ്രതിരോധം പുറത്തെടുത്തെങ്കിലും നേരിയ പിഴവുകള്‍ സ്പാനിഷ് താരത്തിന്റെ തിരിച്ചു വരവിനുള്ള അവസരമായി മാറി. പോയിന്റ് നില 16-16 എന്ന നിലയില്‍ സമനിലയിലെത്തിക്കാന്‍ ഈ അവസരത്തില്‍ മരിനു സാധിക്കുകയും ചെയ്തു. പിന്നീടു നേരിയ ലീഡും മരിന്‍ സ്വന്തമാക്കി. പക്ഷേ ശക്തമായി മത്സരത്തിലേക്കു തിരിച്ചെത്തിയ സിന്ധു, മരിന്‍ വരുത്തിയ രണ്ടു പിഴവുകള്‍ സമര്‍ഥമായി മുതലെടുത്ത് ആദ്യ സെറ്റ് 21-19 എന്ന സ്‌കോറില്‍ സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ സിന്ധു കൂടുതല്‍ അഗ്രസീവായി കളിച്ചു. തുടക്കത്തില്‍ 4-0ത്തിന്റെ ലീഡും ഇന്ത്യന്‍ താരം നേടി. സൂക്ഷ്മവും കരുത്തുറ്റതുമായി സ്മാഷുകളും നെറ്റ് പ്ലേയും ലോങ് റാലികളുമായി രണ്ടാം സെറ്റില്‍ സിന്ധു കത്തുന്ന ആത്മവിശ്വാസവുമായി നിലകൊണ്ടു. അതിനിടെ മരിന്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യന്‍ താരത്തിന്റെ ആത്മവിശ്വാസവും ഉയര്‍ത്തി.
സ്വന്തം നാട്ടിലെ കാണികളുടെ ആരവം കരുത്താക്കി സിന്ധു മത്സരത്തില്‍ 20-15 എന്ന ലീഡില്‍ മുന്നേറി. ഒരു പോയിന്റ് കൂടി നേടാന്‍ മരിനു സാധിച്ചു. പിന്നീട് ഷട്ടില്‍ മാറ്റം ആവശ്യപ്പെട്ട മരിന്‍ തിരിച്ചു വരാമെന്ന പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഈ മാറ്റമൊന്നും സിന്ധുവിന്റെ മികവിനെ വെല്ലാന്‍ പര്യാപ്തമായിരുന്നില്ല. മരിനു സംഭവിച്ച പിഴവു മുതലെടുത്ത് സിന്ധു 21-16 എന്ന സ്‌കോറിനു സെറ്റും വിജയവും കിരീടവും ഉറപ്പാക്കി.
ചൈന ഓപണ്‍ കിരീടം നേടിയ ശേഷം കരിയറില്‍ സിന്ധു സ്വന്തമാക്കുന്ന രണ്ടാം സൂപ്പര്‍ സീരീസ് കിരീടമാണിത്. ഇതു പത്താം തണവയാണ് അന്താരാഷ്ട്ര വേദിയില്‍ സിന്ധുവും മരിനും നേര്‍ക്കുനേര്‍ വരുന്നത്. ഇന്നലത്തെ വിജയത്തോടെ 5-5 എന്ന നിലയില്‍ ഇരുവരും തുല്ല്യത പാലിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."