കൊളംബിയയില്‍ മണ്ണിടിച്ചില്‍; 250 മരണം
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും 250 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. 1,100 സൈനികരും പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ നഗരമായ മൊകോഅയിലാണ് മഴ കനത്ത ദുരിതം വിതച്ചത്. ചെളിയും പാറക്കഷ്ണങ്ങളും വീണ് വീടുകള്‍ തകര്‍ന്നു. മിക്ക റോഡുകളും ഒലിച്ചുപോയി. നിരവധിപേര്‍ ഭവനരഹിതരായി.
400 പേര്‍ക്ക് പരുക്കേറ്റെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. 200 പേരെ കാണാതായി. പുടുമായോ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. ഇവിടെ 200 പേര്‍ മരിച്ചതായി കൊളംബിയന്‍ റെഡ്‌ക്രോസ് സ്ഥിരീകരിച്ചു.
ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് അറിയിച്ചു. കഴിയാവുന്ന സഹായം ചെയ്യുന്നുണ്ടെന്നും സംഭവം ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും കംബോഡിയന്‍ എയര്‍ഫോഴ്‌സ് വിതരണം ചെയ്യുന്നുണ്ട്. ഒറ്റരാത്രിയിലുണ്ടായ കനത്തമഴയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ഒരുമാസം പെയ്യേണ്ട മഴയുടെ മൂന്നിലൊന്ന് അളവിലുള്ള മഴയാണ് ഇന്നലെ ലഭിച്ചതെന്നും ദേശീയ ദുരന്ത നിവാരണ മാനേജ്്‌മെന്റ് യൂനിറ്റ് ഡയരക്ടര്‍ അറിയിച്ചു. പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."