പൊതുമാപ്പ്; നിയമലംഘകര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് മേജര്‍ ബദ്ര് അല്‍സുഹൈബാനി
ജിദ്ദ: രണ്ടു ദിവസത്തെ അവധിക്ക് ശേഷവും പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ എംബസിയിലെത്തി. ഞായറാഴ്ച 405 പേരാണ് മടക്കയാത്രക്കുള്ള സാധ്യതകള്‍ തേടി എംബസിയിലെത്തിയത്. 374 പേരില്‍ നിന്ന് ഔട്ട് പാസിനുള്ള അപേക്ഷ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഇതുവരെ മൊത്തം അപേക്ഷകളുടെ എണ്ണം മുവായിരത്തിന് അടുത്തായി.
ആന്ധ്ര, യു.പി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. മലയാളികളുടെ സാന്നിധ്യം കുറവായിരുന്നെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യ രണ്ടു ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ ദിവസം തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടറുകള്‍ പലതും കുറഞ്ഞ സമയമേ പ്രവര്‍ത്തിച്ചുള്ളൂ. ഉച്ചയായപ്പോള്‍ തന്നെ ആളുകളൊഴിഞ്ഞു. ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും രാവിലെ മുതല്‍ തന്നെ കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു.
അതേ സമയം പൊതുമാപ്പ് സമയത്തും നിയമലംഘകര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്നും ഇവരെ അറസ്റ്റ് ചെയ്യുമെന്നും അല്‍ഖസീം പൊലിസ് വക്താവ് മേജര്‍ ബദ്ര് അല്‍സുഹൈബാനി അറിയിച്ചു. പൊതുമാപ്പ് കാലാവധിയുടെ അവസാനം വരെ കാത്തിരിക്കാന്‍ നിയമലംഘകര്‍ തയ്യാറാകരുതെന്നും ബദ്ര് അല്‍സുഹൈബാനി പറഞ്ഞു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ശ്രമിക്കാത്ത നിയമലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായി സുരക്ഷാ വകുപ്പുകള്‍ മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
അല്‍ഖസീമില്‍ കഴിഞ്ഞ മാസം പൊലിസ് നടത്തിയ റെയ്ഡുകളില്‍ 2,887 ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ പിടിയിലായി. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖയുമായി സഹകരിച്ചാണ് റെയ്ഡുകള്‍ നടത്തിയതെന്ന് അല്‍സുഹൈബാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."