മദ്യവില്‍പ്പനയിലെ പ്രതിസന്ധി: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും
തിരുവനന്തപുരം: മദ്യവില്‍പ്പനയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും. വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് യോഗം വിളിക്കുന്നത്.
ബിവറേജസ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ ഏത് ഭാഗത്തേക്കും മാറ്റാന്‍ അധികാരം നല്‍കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാന്‍ ശ്രമം തുടങ്ങിയതായാണ് സൂചന.
കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ബാറുകള്‍ പൂട്ടിയത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി കര്‍ശന നിലപാടെടുത്തതോടെ 1900 ഓളം മദ്യശാലകള്‍ക്കാണ് സംസ്ഥാനത്ത് പൂട്ടുവീണത്. ഇത്രയും മദ്യവില്‍പനശാലകള്‍ക്ക് താഴുവീണ സാഹചര്യത്തില്‍ വ്യാജമദ്യവില്‍പ്പന വന്‍തോതില്‍ കൂടിയേക്കാമെന്ന് ആശങ്കയിലാണ് സര്‍ക്കാര്‍.
മാത്രമല്ല, മദ്യശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ വന്‍തോതില്‍ പ്രതിഷേധമുയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിലൂടെ സര്‍ക്കാരിന് 5000 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."