തൊഴില്‍ മന്ത്രാലയത്തിന്റെ ഇളവ് പ്രയോജനപ്പെടുത്തിയത് അഞ്ചു ലക്ഷം പേര്‍
ജിദ്ദ: കഴിഞ്ഞ വര്‍ഷം സഊദി തൊഴില്‍ മന്ത്രാലയം നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി അഞ്ച് ലക്ഷത്തോളം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ പ്രൊഫഷന്‍ മാറിയതായും മന്ത്രാലയം വ്യക്തമാക്കി.
സഊദി തൊഴില്‍ മന്ത്രാലയം സ്വീകരിച്ച ഉദാരനയം കാരണം 2016ല്‍ 4.8 ലക്ഷം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയതായും 1.7 ലക്ഷം പേര്‍ പ്രൊഫഷന്‍ മാറിയതായും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
തൊഴിലുടമ വിദേശി തൊഴിലാളികളുടെ താമസ രേഖ (ഇഖാമ) പുതുക്കാതിരിക്കുക, സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയില്‍ ചുവപ്പ് ഗണത്തില്‍ ഉള്‍പ്പെടുക, മൂന്ന് മാസം ശമ്പളം വൈകുക, വര്‍ക് പെര്‍മിറ്റ് കാലാവധി തീര്‍ന്നിട്ടും പുതുക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലുടമയുടെ അനുവാദം കൂടാതെ മറ്റൊരു സ്‌പോണ്‍സറിലേക്കും സ്ഥാപനത്തിലേക്കും മാറാമെന്ന അനുകൂല നിയമം ഉപയോഗപ്പെടുത്തിയാണ് ഇത്രയും പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയത്.
തൊഴിലാളികളെ വിദേശത്തുനിന്ന് പുതുതായി റിക്രൂട്ട് ചെയ്യുന്നതിന് പകരം സഊദിയില്‍ നിലവിലുള്ളവരെ ആവശ്യമായ സ്ഥാപനങ്ങളിലേക്കും സേവനങ്ങളിലേക്കും മാറ്റാനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാനും തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിയമം കാരണമായിട്ടുണ്ടെന്നും തൊഴില്‍ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."