ഇശ്‌റത്ത് കേസ്: ഗുജറാത്ത് ഡി.ജി.പിയുടെ രാജി സ്വീകരിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: മുംബൈ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ളയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുജറാത്ത് ഡി.ജി.പി പി.പി.പാണ്ഡ്യേയുടെ രാജി എത്രയും വേഗം സ്വീകരിക്കണമെന്നു സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ പ്രതിയായ പാണ്ഡ്യേയെ പൊലിസ് മേധാവിയാക്കിയ നടപടി ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രഹൂഡും അടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി.
ഇന്നലെ കേസ് പരിഗണിക്കവെ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് പി.പി.പാണ്ഡ്യേ അറിയിച്ചതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. പാണ്ഡ്യേ രാജിസന്നദ്ധത അറിയിച്ചതിനാല്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും ഇനി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചീഫ്ജസ്റ്റിസ് സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. പാണ്ഡ്യേയുടെ കാലാവധി ഈ മാസം 30 വരെ നീട്ടിനല്‍കിയ വിജ്ഞാപനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ജനുവരി 31നു കാലാവധി അവസാനിച്ച പാണ്ഡ്യേക്ക് മൂന്നുമാസം കൂടി സര്‍ക്കാര്‍ നീട്ടിനല്‍കുകയായിരുന്നു.
കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജാമ്യത്തില്‍ കഴിയുന്ന പാണ്ഡ്യേയെ സര്‍വീസില്‍ തിരികെയെടുത്തതു ചോദ്യംചെയ്തു മുംബൈ പൊലിസ് മുന്‍ കമ്മിഷണര്‍ ജൂലിയോ ഫ്രാന്‍സിസ് റിബറോ ആണ് കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞയാഴ്ച പരിഗണിക്കവെ ഡി.ജി.പിസ്ഥാനത്തു മൂന്നുമാസത്തേക്കു കൂടി പാണ്ഡ്യേയുടെ കാലാവധി നീട്ടിനല്‍കിയ നടപടിയില്‍ പ്രതികരണം അറിയിക്കണമെന്നു സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍, കഴിഞ്ഞ 30 വര്‍ഷമായി പാണ്ഡ്യേ പൊലിസില്‍ സേവനമനുഷ്ഠിച്ചുവരികയാണെന്നു കോടതിയെ അറിയിച്ചു. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ ജാമ്യത്തില്‍ കഴിയവെ സര്‍വിസില്‍ തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കിയത് നിയമവിരുദ്ധമാണെന്നു ഹരജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കകമാണ് ജാമ്യത്തിലുള്ള പാണ്ഡ്യേയെ ഗുജറാത്ത് അഴിമതിവിരുദ്ധ സമിതി മേധാവിയായി നിയമിച്ചത്. കഴിഞ്ഞവര്‍ഷം ഏപിലില്‍ ഇദ്ദേഹത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയുംചെയ്തു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി തടവില്‍പാര്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പാണ്ഡ്യേക്കെതിരേയുള്ളത്. 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, ആലപ്പുഴ സ്വദേശി പ്രാണേഷ് പിള്ള, പാക് പൗരന്‍മാരെന്നു കരുതുന്ന ഷീഷാന്‍ ജൗഹര്‍, അംജദ് അലി റാണ എന്നിവരെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു പാണ്ഡ്യേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."