സ്ഥലംമാറ്റം ലഭിച്ച സൂപ്രണ്ട് രജിസ്റ്ററില്‍ ഒപ്പിട്ട സംഭവം; ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ ആശുപത്രിയില്‍ എത്തി തെളിവെടുത്തു
നിലമ്പൂര്‍: സ്ഥലംമാറ്റം ലഭിച്ച സൂപ്രണ്ട് രജിസ്റ്ററില്‍ ഒപ്പിട്ട സംഭവത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ ആശുപത്രിയില്‍ എത്തി തെളിവെടുത്തു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു ഡോ. പി സീമാമുവിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടായി കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. അവധിയിലായിരുന്ന ഡോക്ടര്‍ ശനിയാഴ്ച രജിസ്റ്റര്‍ ഒപ്പിടാന്‍ എത്തിയിരുന്നെങ്കിലും സൂപ്രണ്ട് ഇന്‍ ചാര്‍ജ് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാവിലെയെത്തി രജിസ്റ്ററില്‍ ഡോ. സീമാമു ഒപ്പിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍ തെളിവെടുപ്പ് നടത്തിയത്.
ഇരുപക്ഷത്തിന്റെയും മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് ഡി.എം.ഒക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഡ്യൂട്ടി റൂമില്‍ അതിക്രമിച്ച് കയറി രജിസ്റ്റര്‍ ബുക്കെടുത്ത് ഒപ്പിടുകയായിരുന്നുവെന്നും ഇന്‍ ചാര്‍ജ് ഡോ. സി ഹമീദ് മൊഴി നല്‍കി. 31ന് ഒപ്പിടാനെത്തിയപ്പോള്‍ ഡി.എം.ഒ ഓഫിസില്‍ ഒപ്പിടുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവിടുത്തെ സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്നും ഡോ. സീമാമുവിനോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍ അവസാനം ജോലി ചെയ്ത ആശുപത്രിയില്‍ ഒപ്പിട്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷമാണ് പുതിയ ആശുപത്രിയില്‍ ജോയിന്‍ ചെയ്യേണ്ടതെന്ന് ഡോ. സീമാമു പറഞ്ഞു. ഇത് ചട്ടലംഘനമല്ലെന്നും നിയമാനുസൃതമായ നടപടി മാത്രമാണെന്നും ഇത് തടയാന്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജിന് നിയമപരമായ അധികാരമില്ലെന്നും ഡോ. സീമാമു മൊഴി നല്‍കി. ഇരുവിഭാഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടായിരിക്കും ഡി.എം.ഒക്ക് കൈമാറുക.
സ്ഥലം മാറ്റ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഒപ്പിടാനെത്തിയ കഴിഞ്ഞ ദിവസം സൂപ്രണ്ടിനെ ഒരു സംഘം തടഞ്ഞത്.
ഒ.പിയില്‍ ഡോക്ടര്‍മാരെ കണ്ടില്ല,
രോഗികള്‍ ദുരിതങ്ങള്‍ നിരത്തി
നിലമ്പൂര്‍: ആശുപത്രിയില്‍ സൂപ്രണ്ട് അനധികൃതമായി ഒപ്പിട്ടുവെന്ന പരാതിയില്‍ തെളിവെടുപ്പിന് എത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ ആശുപത്രിയിലെ രോഗികള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ടു കണ്ടു. അഞ്ച് ജനറല്‍ ഒ.പിയില്‍ മൂന്നുഡോക്ടര്‍മാരുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. രോഗികളുടെ നീണ്ട വരി പുറത്തേക്ക് നീണ്ടു. ഡോക്ടര്‍മാരുടെ മുങ്ങലും മറ്റും രോഗികള്‍ ഡെ.ഡി.എം.ഒ ഡോ.മുഹമ്മദ് ഇസ്മാഈലിനോട് പരാതിപ്പെട്ടു.
രണ്ടാം ജനറല്‍ ഒപി ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു. ഇ.എന്‍.ടി ഡോക്ടറും ഒപിയിലുണ്ടായിരുന്നില്ല. ശസ്ത്രക്രിയക്ക് പോയതായിരുന്നവെന്നാണ് മറുപടി ലഭിച്ചത്. അസ്ഥിരോഗ വിഭാഗത്തില്‍ ആകെ ഒരു ഡോക്ടര്‍ മാത്രമാണ് ഇന്നലെ ഒ.പിയിലുണ്ടായിരുന്നുള്ളു. പരിശോധനക്കിടെ അസ്ഥിരോഗ വിദഗ്ധന്‍ വാര്‍ഡുകളില്‍ റൗണ്ട്‌സിനു പോയതോടെ ഒ.പിയും തടസപ്പെട്ടു. ശിശുരോഗ വിഭാഗത്തിലും രണ്ടുഡോക്ടര്‍മാര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്കുണ്ടായത്. വരിയിലുണ്ടായിരുന്നവര്‍ ഡെ.ഡി.എം.ഒയോട് ആശുപത്രിയിലെ ദുരിതങ്ങള്‍ വിവരിച്ചു. ഒ.പിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ഡെ. ഡി.എം.ഒക്ക് ഇന്നലെ ബോധ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."