രാമഞ്ചാടി-അലിഗഢ് ജലസേചന പദ്ധതി; രണ്ടാംഘട്ടം യാഥാര്‍ഥ്യത്തിലേക്ക്
പെരിന്തല്‍മണ്ണ: രാമഞ്ചാടി ജലസേചന പദ്ധതിയുടെ രണ്ടാംഘട്ടം യാഥാര്‍ഥ്യമാകുന്നു. പെരിന്തല്‍മണ്ണ, ആലിപ്പറമ്പ് പ്രദേശത്തെ കാര്‍ഷികവൃത്തിക്ക് വേണ്ടി തുടങ്ങിയ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാനുള്ള പദ്ധതിയായി ഇതുമാറുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ബജറ്റില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ശ്രമഫലമായി 90 കോടി രൂപ അനുവദിച്ചതോടെയാണ് അലിഗഢ്-രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കൂടുതല്‍ വിസ്തൃതിയിലേക്ക് ഗുണഫലം ലഭ്യമാക്കാന്‍ സജ്ജമാകുന്നത്. നിലവില്‍ രാമഞ്ചാടി പദ്ധതിയെ വെള്ളം കനാല്‍ വഴി ചെറുകര, മണ്ണാംകിടായ ഭാഗങ്ങളിലേക്ക് വിവിധ കൃഷിക്കായി പമ്പ് ചെയ്യുന്നുണ്ട്. ആറ് മോട്ടോര്‍ വച്ചാണ് പമ്പ് ഹൗസില്‍ നിന്നു വെള്ളം പമ്പ് ചെയ്യുന്നത്. ഒരേ സമയം മൂന്ന് മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറും വെള്ളമടിക്കുന്നതിനാല്‍ മൂന്നോളം കിലോമീറ്റര്‍ ചുറ്റളവിലുള്ള മുതുകുര്‍ശ്ശി,ചോലക്കല്‍, മലയംകാട്, മല്ലിശ്ശേരി, പ്രദേശത്തെ വാഴ, കപ്പ, കമുക്, പച്ചക്കറി കൃഷികള്‍ നടത്തുന്ന നൂറ് കണക്കിന് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണ്.
രണ്ടാംഘട്ടം യാഥാര്‍ഥ്യമായാല്‍ അലിഗഢ് സര്‍വകലാശാലയിലെയും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെയും ഏലംകുളം, ആലിപ്പറമ്പ് ഭാഗത്തെയും പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനാകും. വേനല്‍ കനത്തതോടെ പുഴയില്‍ വെള്ളം കുറഞ്ഞിരുന്നെങ്കിലും കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ പുഴയില്‍ ആവശ്യത്തിന് വെള്ളമുയര്‍ന്നിട്ടുണ്ട്. രാമഞ്ചാടി ഭാഗത്ത് താല്‍കാലിക തടയണ കെട്ടി വെള്ളം സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."