പൊതുസമൂഹവും ഭരണകൂടവും തങ്ങള്‍ക്കെതിരാണെന്ന് പട്ടികജാതി വിഭാഗം സംശയിക്കുന്നു: കലക്ടര്‍
പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി പഞ്ചായത്തുകള്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണം
കാസര്‍കോട്: വികസനം കൃത്യമായി എത്താത്തതിനെ തുടര്‍ന്ന് ജീവിതനിലവാരം മെച്ചപ്പെടാത്തതില്‍ പട്ടികജാതി ജനവിഭാഗം നിരാശരാണെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ 13-ാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമുള്ള ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒട്ടനവധി പട്ടികജാതി കുടുംബങ്ങള്‍ ഇന്നുമുണ്ട്. പ്രാഥമികാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത നിരവധി പട്ടികജാതി കോളനികളും ജില്ലയിലുണ്ട്. നല്ല അങ്കണവാടികളില്ല. സ്‌കൂള്‍ പഠനം പാതിവഴിയില്‍ കുട്ടികള്‍ ഉപേക്ഷിക്കുകയാണ്. റോഡും പാലവും ഉണ്ടാക്കുന്നതിനു പകരം സ്‌കൂളില്‍ പോകാത്ത കുട്ടികളെ സ്‌കൂളിലെത്തിക്കാനായാല്‍ അതാണ് ഏറ്റവും വലിയ വികസനമെന്നും കലക്ടര്‍ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ജില്ലാ പഞ്ചായത്തും ജില്ലയിലെ 32 പഞ്ചായത്തുകളും തയാറാക്കണം. എന്തെല്ലാം മാറ്റങ്ങള്‍ ഈ മേഖലയില്‍ വേണമെന്ന് അവരിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കണം. വികസനം കൃത്യമായി എത്താത്തതിനാല്‍ പൊതുസമൂഹവും ഭരണകൂടവും തങ്ങള്‍ക്കെതിരാണെന്ന ചിന്ത ഇവരില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് അവരെ അരാജകത്വത്തിലേക്ക് നയിക്കും. എല്ലാവരെയും അവര്‍ സംശയത്തിന്റ കണ്ണിലൂടെയാണ് കാണുന്നത്. അതിനാല്‍ അവര്‍ക്ക് സഹായകമാകുന്ന രീതിയിലുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിലാകണം പഞ്ചായത്തുകളുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ ഭരണകൂട അംഗങ്ങള്‍ ഓരോരുത്തരും പട്ടികജാതി വിഭാഗക്കാരാണെന്ന ചിന്തയിലൂടെ വേണം അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."