ഷംനയുടെ മരണം: തുടരന്വേഷണത്തിലും വീഴ്ച കണ്ടെത്തി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ച ഷംന തസ്നീമിന്റെ മരണത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ തുടരന്വേഷണത്തിലും ആശുപത്രി അധികൃതരുടെ വീഴ്ച കണ്ടെത്തിയതായി പിതാവ് കെ.എ അബൂട്ടി. ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചംകണ്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യ അന്വേഷണത്തില്‍ ചികിത്സാപിഴവ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഷംന ചികിത്സതേടിയ ദിവസം യൂനിറ്റ് ചീഫായി പ്രവര്‍ത്തിച്ചിരുന്ന ഡോ.ജില്‍സ് ജോര്‍ജിനെയും ഹൗസ് സര്ജന് ബിനോ ജോസിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍, ദിവസങ്ങള്‍ക്കകം ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചികിത്സയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.ടി.കെ സുമയുടെ നേൃത്വത്തിലുള്ള മൂന്നംഗംസംഘത്തെ തുടരന്വേഷണത്തിനായി നിയോഗിച്ചത്.
ഷംനയുടെ സഹപാഠികളുള്‍പ്പെടെ 23 പേരുടെ മൊഴിയാണ് സംഘം രേഖപ്പെടുത്തിയത്. ഇതില്‍ ഷംനയ്ക്ക് ചികിത്സ നിര്‍ദേശിച്ച ഡോ. ജില്‍സ് ജോര്‍ജിന്റെ മൊഴിയിലും ആശുപത്രി രേഖകളിലും ഷംനയുടെ രോഗം സംബന്ധിച്ച് വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. തന്റെ ഡ്യൂട്ടിസമയം കഴിഞ്ഞാണ് എല്ലാം സംഭവിച്ചതെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നുമുള്ള ജില്‍സ് ജോര്‍ജിന്റെ വാദം ശരിയല്ലെന്നും അന്വേഷണസംഘം കണ്ടെത്തി. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമുതല്‍ ജില്‍സ് ജോര്‍ജ് ഡ്യൂട്ടിയിലാണെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കളമശ്ശേരി ആശുപത്രിയില്‍ വച്ചുതന്നെ ഷംന മരിച്ചെന്നും ഇതുകൂട്ടാക്കാതെയാണ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയതെന്നുമുള്ള ശ്രീകുമാരി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ തുടരന്വേഷണ റിപ്പോര്‍ട്ടിലും ശരിവയ്ക്കുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ അയല്വാസിയായിട്ടുപോലും നീതികിട്ടാത്ത അവസ്ഥയാണ്. തന്റെ മകളുടെ മരണത്തിന് ഇടയാക്കിയവര്ക്കെതിരേ കര്‍ശന നടപടിയെടുത്തിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച ചികിത്സാപിഴവ് മൂലം കളമശ്ശേരി ആശുപത്രിയില്‍ ജെറിന് എന്ന വിദ്യാര്‍ഥി മരിക്കില്ലായിരുന്നെന്നും അബൂട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധു സഫീറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."