തൊടുപുഴയില്‍ വീണ്ടും മോഷണം; നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു
തൊടുപുഴ: നഗരത്തില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. നഗരത്തോട് ചേര്‍ന്ന് കീരികോട് പൂതക്കുഴിയില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്നു നാലര പവന്‍ സ്വര്‍ണമാല മോഷ്ടാക്കള്‍ കവര്‍ന്നു. സമീപത്തെ രണ്ട് വീടുകളിലും കാരിക്കോട് മേരീറാണി ബാലികസദനിലും മോഷണ ശ്രമവുമുണ്ടായി. ഏതാനും ദിവസം മുന്‍പും കാരിക്കോട്, കീരികോട്, മുതലിയാര്‍മഠം പ്രദേശങ്ങളില്‍ മോഷണം നടന്നിരുന്നു. മോഷണം തുടര്‍ച്ചയായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
കാരിക്കോട് മേരീറാണി ബാലികാ സദനത്തിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആദ്യം മോഷണശ്രമം അരങ്ങേറിയത്. രണ്ടാം നിലയിലെ തുറന്നുകിടന്ന ജനലിലൂടെ ടോര്‍ച്ചടിച്ച മോഷ്ടാവ് ഉള്ളിലേയ്ക്ക് കൈ ഇട്ടു. മുറിക്കുള്ളിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി നിലവിളിച്ചതോടെ മോഷ്ടാവ് സ്ഥലംവിട്ടു. ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലും സമാന അനുഭവമുണ്ടായി. അവിടെയുണ്ടായിരുന്ന സിസ്റ്ററും അന്തേവാസികളായ പെണ്‍കുട്ടികളും ബഹളംവെച്ചതോടെ കള്ളന്‍ രക്ഷപെട്ടു. ബാലികാസദനത്തില്‍ നിന്ന് സമീപവാസിയെ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് എത്തി സമീപപ്രദേശങ്ങള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയില്ല.
ഇതിന് ശേഷമാണ് അബ്ദുള്‍ കരീമിന്റെ വീട്ടില്‍ മോഷണം നടന്നത്. കരീമിന്റെ ഭാര്യ സുലൈഖയും മകന്‍ മുനീറും ഭാര്യ താഹിറയുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.30ഓടെ സുലൈഖ ഉണര്‍ന്ന് നിസ്‌കരിക്കുന്നതിന് മുന്നോടിയായി വീടിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന് കാല്‍കഴുകാന്‍ ഇറങ്ങി.
അപ്പോഴാണ് ജനല്‍ തുറന്ന നിലയില്‍ കണ്ടത്. ഇതിനിടെ ആരോ മുറിയിലേക്ക് കടക്കുന്നതു പോലെയും തോന്നി. മകനാണെന്ന് കരുതി പേര് ചൊല്ലി വിളിച്ചപ്പോള്‍ ഒരാള്‍ ഓടി വെളിയിലേക്കിറങ്ങി. അതോടെയാണ് മോഷ്ടാവാണെന്ന് മനസിലായത്. പിന്നീട് വീട് പരിശോധിച്ചപ്പോള്‍ മാല നഷ്ടമായെന്ന് കണ്ടെത്തി.
കറുത്ത് മെലിഞ്ഞ് ഉയരമുള്ളയാളാണ് മോഷ്ടാവ്. പാന്റ് ധരിച്ചിരുന്നു. ഷര്‍ട്ടുണ്ടായിരുന്നില്ല. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് സമീപവാസികള്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പൊലിസും സ്ഥലത്ത് എത്തിയിരുന്നു. ഇതിനു ശേഷമാണ് മറ്റു രണ്ടു വീടുകളില്‍ കൂടി മോഷണശ്രമം നടന്നതായി അറിഞ്ഞത്. മോഷണം നടന്ന വീട്ടില്‍ ഇന്നലെ ഡോഗ്‌സ്‌ക്വാഡ് പരിശോധന നടത്തി. തൊടുപുഴ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
മോഷണം അമര്‍ച്ച ചെയ്യണം: നഗരസഭാ പ്രമേയം
തൊടുപുഴ: നഗരപരിധിയില്‍ മോഷണങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ എം.കെ ഷാഹുല്‍ ഹമീദ് അവതാരകനും സി.പി.എമ്മിലെ സബീന ബിഞ്ചു അനുവാദകയുമായുള്ള പ്രമേയം കൗണ്‍സില്‍ ഐകകണ്‌ഠേന പാസാക്കി.
നഗരസഭ 20-ാം വാര്‍ഡിലെ ഫ്രണ്ട്‌സ് നഗര്‍, മുതലിയാര്‍മഠം, കീരികോട് പ്രദേശങ്ങളിലെ അഞ്ച് വീടുകളിലും മറ്റു ചില പ്രദേശങ്ങളിലും മോഷണം വര്‍ധിക്കുകയാണ്. ഫ്രണ്ട്‌സ് നഗറില്‍ ആനത്താരയ്ക്കല്‍ ജോമോന്റെ വീട്ടില്‍ നിന്നും 11 പവന്‍ സ്വര്‍ണവും 12,000 രൂപയും രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചിരുന്നു. കീരികോട് 'പൂതക്കുഴിയില്‍ താഹിറയുടെ നാലര പവന്‍ സ്വര്‍ണമാല ഇന്നലെ മോഷ്ടിച്ചു. സമീപത്തെ രണ്ട് വീടുകളില്‍ മോഷണശ്രമവും ഉണ്ടായി.
പ്രതികളെ കണ്ടെത്താന്‍ പൊലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഴുവന്‍ മോഷണകേസുകളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."