നടി അക്രമിക്കപ്പെട്ട സംഭവം പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വിട്ടു
ചാവക്കാട്: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ പ്രതി പള്‍സര്‍ സുനിയെ പൊലീസിന് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വന്നൂര്‍ സ്വദേശി ശങ്കരംതടത്തില് എബിന് കുന്നംകുളം ഒന്നാംക്ലാസ് കോടതിയില്‍ കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനു നല്കിയ പരാതിയിലാണ് സുനിക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുക്കാന്‍ കുന്നംകുളം പൊലിസിനോട് കോടതി ഉത്തരവിട്ടത്. ഈ കേസിലാണ് തിങ്കളാഴ്ച സുനിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. 2014ലാണ് കേസിനാസ്പദമായ സംഭവം. പള്‍സര്‍ സുനി ചൂണ്ടല്‍, കണ്ടാണശേരി മേഖലയില്‍ ടിപ്പര്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്ന എബിനുമായി സൗഹൃദത്തിലായ ശേഷമാണ് ബൈക്ക് കൈക്കലാക്കിയത്. സുനി സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ കുറച്ചു ദിവസത്തേക്കെന്ന് പറഞ്ഞാണ് എബിനില്‍ നിന്നും ബൈക്ക് വാങ്ങിയത്. പലതവണ ചോദിച്ചെങ്കിലും സുനി ബൈക്ക് തിരിച്ചു നല്‍കിയില്ലെന്നാണ് കേസ്. കേസില്‍ പള്‍സര്‍ സുനിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കുന്നംകുളം പൊലിസിന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
ഇത് സംബന്ധിച്ച് കുന്നംകുളം പൊലിസ് ചാവക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് അനുമതി. കുന്നംകുളം മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ ചാവക്കാട് മജിസ്ട്രേറ്റിനാണ് പകരം ചുമതല. തിങ്കളാഴ്ച രാവിലെ 11.30ന് തൃശൂര്‍ എ.ആര്. ക്യാമ്പില്‍ നിന്നുള്ള എസ്.ഐ. കെ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസാണ് സുനിയെ ചാവക്കാട് കോടതിയില്‍ എത്തിച്ചത്. കുന്നംകുളം പൊലിസിന് കസ്റ്റഡിയില്‍ വിട്ടതോടെ കുന്നംകുളം എസ്. ഐ യു. കെ. ഷാജഹാന് സുനിയെ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."