പീഡനത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും കൈയേറ്റം ചെയ്തതായി പരാതി
എരുമപ്പെട്ടി: പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൈയേറ്റം ചെയ്തതായി പരാതി. പന്ത്രണ്ടര വയസുള്ള പെണ്‍കുട്ടിയെയാണ് അയല്‍വാസികളായ അച്ചനും മകനും ചേര്‍ന്ന് പീഡിപ്പിച്ചത്.
പെണ്‍കുട്ടി വീട്ടില്‍ അവധി ദിവസങ്ങളില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത എരുമപ്പെട്ടി പൊലിസ് അന്വേഷണം നടത്തിവരുകയാണ്. പ്രതികളിള്‍ ഒരാള്‍ ഇപ്പോള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്. കേസിലേക്ക് വേണ്ടി സംഭവ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തത്.
പൊലിസില്‍ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഡീഷ്ണല്‍ എസ്.ഐ ജോസ് പ്രതികളുടെ ബന്ധുക്കളുടെ കൂടെ ചേര്‍ന്ന് പെണ്‍കുട്ടിയോടും അമ്മയോടും മോശമായി പെരുമാറിയതായും ആരോപണമുണ്ട്. സംഭവം അറിഞ്ഞ് എത്തിയ കുന്നംകുളം സി.ഐ രാജേഷ്. കെ.മേനോന്റെ നിര്‍ദ്ദേശ പ്രകാരം എരുമപ്പെട്ടി എസ്.ഐ വനില്‍കുമാറും കൈയേറ്റം ചെയ്ത മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.
തന്നെയും മകളേയും പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത അഡിഷനല്‍ എസ്.ഐ ജോസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് കുന്നംകുളം ഡിവൈ.എസ്. പി പി.വിശ്വഭരന് പരാതി നല്‍കിയിട്ടുണ്ട്. പൊലിസില്‍ നിന്ന് നേരിട്ട അനുഭവത്തെ കുറിച്ചുള്ള കുട്ടിയുടെ അമ്മയുടെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷ്ണല്‍ എസ്.ഐ ജോസിന്റെ നടപടിയെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ തൃശൂര്‍ റൂറല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി.
പീഡന കേസിലെ രണ്ടാം പ്രതിയായ 17 കാരനെ ഇന്നലെ രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം രണ്ടാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്നും പ്രതി ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യാജമാണെന്നും പണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."