കുലശേഖരപുരത്തെ പീഡനത്തിന് ഒത്താശ ചെയ്തത് സ്വന്തം മാതാവ്; കാമുകനൊപ്പം ചേര്‍ന്നു കാപാലികയായി യുവതി
കരുനാഗപ്പള്ളി: കത്തിയെരിഞ്ഞ ഗ്രീഷ്മത്തിനപ്പുറം അവളുടെ കുഞ്ഞുമനസുകണ്ട പൂക്കാലങ്ങളൊക്കെ ക്രൂരപീഡനങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. മാതാവ് കാമുകനൊപ്പം ചേര്‍ന്നു കാപാലികയുടെ വേഷം കെട്ടിയതോടെ പീഡനങ്ങളില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ആറാംക്ലാസുകാരി, മാതാവിന്റെ കാമുകനായ പൂജാരിയുടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പൊലിസ് കണ്ടെത്തല്‍. ഒത്താശ ചെയ്തതാകട്ടെ പത്തുമാസം നൊന്തുപെറ്റ മാതാവും. കുലശേഖരപുരത്തെ പീഡനത്തില്‍ പൊലിസിന് കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകള്‍. കുണ്ടറയിലെ 'പീഡനം'പൊലിസിനാകെ നാണക്കേടു വരുത്തിയെങ്കിലും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സിറ്റിപൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പഴുതുകളടച്ച് ശാസ്ത്രീയമായാണ് നാടിനെ ഞെട്ടിച്ച ഈ കേസ് തെളിയിച്ചത്. കുലശേഖരപുരം എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ആദിനാട് തെക്ക് മാമ്പറ്റ കിഴക്കതില്‍ പ്രസന്നന്‍-ഷൈല ദമ്പതികളുടെ മകള്‍ പ്രീതി(11) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് മാതാവ് ഷൈല, ഇവരുടെ കാമുകന്‍ ആലുംകടവ് മംഗലത്ത് വീട്ടില്‍ രഞ്ജു (29) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി തൂങ്ങി മരിച്ചതിന്റെ നടുക്കം മാറുംമുന്‍പേ മരണത്തിനു പിന്നിലെ ദൂരൂഹതകള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ 28നായിരുന്നു ഏഴാം ക്ലാസുകാരിയായ പ്രീതിയെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. കുട്ടിയുടെ മാതാവിന്റെ കാമുകനായ പൂജാരിയുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണത്രേ കുട്ടി ആത്മഹത്യ ചെയ്തത്. കശ്മീരില്‍ സൈനിക സേവനത്തിലാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ്. വിവാഹശേഷം അധികനാള്‍ ഭര്‍ത്താവ് നാട്ടില്‍ നിന്നിട്ടില്ല. ഇവരുടെ വീടിനു സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായ രഞ്ജു. കാണാന്‍ സുന്ദരിയായിരുന്ന കുട്ടിയുടെ മാതാവിനെ രഞ്ജു ഭക്തിയുടെ മറവില്‍ മയക്കിയെടുക്കുകയായിരുന്നു. പതിവായി ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്ന യുവതിയെ തന്ത്രപൂര്‍വം പൂജാരി മയക്കുകയായിരുന്നു.
മാനസികമായി ചില വിഷമങ്ങളുണ്ടെന്ന് പറഞ്ഞു സമീപിച്ച യുവതിയെ പരിഹാരം നിര്‍ദേശിക്കാമെന്ന് വാഗ്ദാനം നല്‍കി വശീകരിക്കുകയായിരുന്നു. ഇതു വിശ്വസിച്ച യുവതി പൂജാരിയെ വീട്ടിലേക്ക് ക്ഷണിച്ചു. പൂജയുടെ മറവില്‍ ഭര്‍ത്താവ് സ്ഥലത്തില്ലാത്ത വീട്ടമ്മയെ ഇയാള്‍ പതിവായി തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ മാതാവിന്റെ വഴിവിട്ട പോക്ക് മകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഇതോടെ പെണ്‍കുട്ടി മാതൃസഹോദരിയുടെ വീട്ടിലേക്ക് മാറി. എന്നാല്‍ മകളെയും തനിക്ക് വേണമെന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. പൂജാരിയുടെ ക്രിയയില്‍ മയങ്ങിയ യുവതി ഒടുവില്‍ മകളെയും നിര്‍ബന്ധിച്ച് പൂജാരിക്ക് മുന്നില്‍ കാഴ്ച്ചവയ്ക്കുകയായിരുന്നു.
നടന്നത് ക്രൂരമായ
പീഡനങ്ങള്‍
പിന്നീട് നടന്നത് ക്രൂരമായ പീഡനങ്ങളായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പൊലിസിനു മനസിലായത്. പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പൂജാരിയാണെന്നും അനുസരിച്ചില്ലെങ്കില്‍ ദൈവകോപം വരുമെന്നുമായിരുന്നു മാതാവിന്റെ ഉപദേശം. നിവൃത്തിയില്ലാതെ ക്രൂരമായ പീഡനങ്ങള്‍ക്ക് പെണ്‍കുട്ടിയും വഴങ്ങേണ്ടിവന്നു. എന്നാല്‍ സംഭവങ്ങള്‍ മനസിനെ തളര്‍ത്തിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിനു ശേഷം സമീപവാസികളായ ആളുകള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നടുക്കുന്ന പീഡനകഥ പുറത്തു വരുന്നത്.
തെളിവെടുപ്പിനിടെ
സംഘര്‍ഷം
തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവരുമെന്നറിഞ്ഞതിനെ തുടര്‍ന്ന് കുഴുവേലിമുക്കിന് തെക്കു മുതല്‍ മാമ്പറക്കാവ് ക്ഷേത്രത്തിന് സമീപംവരെ വന്‍ജനക്കൂട്ടം സംഘടിച്ചിരുന്നു. തടുച്ചുകൂടിയ സ്ത്രീകളടക്കമുള്ള ജനക്കൂട്ടം രോക്ഷാകുലരായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതികളുമായെത്തിയ പൊലിസ് സംഘത്തിന് നേരെ കല്ലേറ് ഉണ്ടാവുകയും ഒരു എ.എസ്.ഐയക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ പൊലിസ് ലാത്തിവീശി സംഘം ചേര്‍ന്നവരെ ഓടിച്ച് മാറ്റിയാണ് പ്രതികളെ, കുട്ടി ആത്മഹത്യചെയ്ത മുറികളിലും മറ്റും തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ കണ്ട മാത്രയില്‍ നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലിസ് സ്ഥലത്തുണ്ടായിരുന്നത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."