തൃശൂര്‍ പൂരം നിബന്ധനകളോടെ വെടിക്കെട്ട് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളില്‍ നടത്തിയതുപോലെ തന്നെ ആഘോഷിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള നിയമങ്ങളും സുപ്രിംകോടതി വിധിയും പാലിച്ചു മാത്രമേ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനു അനുമതി നല്‍കുകയുള്ളു. പൂരം നടത്താനായി മാത്രം ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കരിമരുന്നുകളും വെടിക്കെട്ടുകളും ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇതിനായി ഏകജാലക സംവിധാനം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ബ്രാന്റഡ് കരിമരുന്ന് ഉല്‍പന്നങ്ങള്‍ മാത്രമേ തൃശൂര്‍ പൂരത്തിന് അനുവദിക്കാന്‍ പാടുള്ളൂവെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. പരമ്പരാഗത കരിമരുന്ന് നിര്‍മാതാക്കള്‍ ലൈസന്‍സ് ലഭ്യമാക്കണം. അനുമതിയില്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. കുഴിമിന്നല്‍, ഗുണ്ട്, ഓലപ്പടക്കം എന്നിവ നിര്‍മിക്കുന്നവര്‍ക്ക് ലൈസന്‍സ് വേണം. അപേക്ഷിച്ച് ഒരുമാസത്തിനകം ലൈസന്‍സ് നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്നു 100 മീറ്റര്‍ അകലത്തിലാകണം കാഴ്ചക്കാരെ നിര്‍ത്തേണ്ടത്.
ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവയില്‍ നിന്നു പൂരസ്ഥലത്തേക്ക് 250 മീറ്റര്‍ അകലം പാലിക്കണം. ചട്ടം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുമതല കലക്ടര്‍മാര്‍ക്കാണ്. വെടിക്കെട്ട് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാനുള്ള അപേക്ഷ രണ്ടു മാസം മുന്‍പ് കലക്ടര്‍ക്ക് നല്‍കണം. വെടിക്കെട്ട് തീയതിയുടെ ഒരുമാസം മുന്‍പെങ്കിലും കോടതി നിര്‍ദേശങ്ങളും നിയമങ്ങളും അനുസരിച്ച് കലക്ടര്‍ അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂര്‍ പൂരം കേരളത്തിനും രാജ്യത്തിനും ഒരു പോലെ നിര്‍ണായകമാണെന്നും ഇതിനെതിരായ ഒരു നീക്കവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് ഇത്തവണയും വെടിക്കെട്ട് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച നിര്‍മലാ സീതാരാമന്‍ മന്ത്രി വി.എസ് സുനില്‍കുമാറിനെ അറിയിച്ചിരുന്നു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ഇതിനകം പലതവണയാണ് കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകീട്ടോടെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിളിച്ചു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."