ചെലവഴിക്കാതെ കിടന്ന 25 കോടി ഉപയോഗിക്കാന്‍ പ്രത്യേക അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുളള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ കാലാകാലങ്ങളില്‍ ചെലവഴിക്കാതെ കിടന്ന 25 കോടിയോളം രൂപ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കുട്ടികളില്‍ നിന്നും മുന്‍കാലത്ത് സ്‌പെഷല്‍ ഫീസ് ഇനത്തില്‍ പിരിച്ചെടുത്ത് ചെലവഴിക്കാതെ കിടന്ന തുകയാണിത്.
ഈ തുക സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചാണ് ഉത്തരവായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഹെഡ്മാസ്റ്ററുടെ പേരില്‍ സംസ്ഥാന ട്രഷറികളില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയാണിത്.
ഇതിനുപുറമേ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ 21 കോടിയും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ 85 ലക്ഷം രൂപയും അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സ്‌പെഷല്‍ ഫീസ് പിരിക്കുന്നതിന്റെ ലക്ഷ്യം തന്നെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ്. അത് കൃത്യമായി നടപ്പിലാക്കാത്തതുമൂലമാണ് ഇപ്രകാരം തുക സ്വരൂപിക്കപ്പെട്ടത്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്ത് പ്രത്യേക അനുമതി ഉത്തരവിട്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."