അഷ്ടമിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടന്‍ പ്രകാശിക്കും
മാള: അഷ്ടമിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിനൊരുങ്ങി. ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിലാണ് അഷ്ടമിച്ചിറയില്‍ ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം പൂര്‍ത്തിയായത്.
തീരദേശ വികസന കോര്‍പ്പറേഷനാണു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കിയത് . സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈമാസ്റ്റ് ലൈറ്റിന് 75000 രൂപയോളമാണു നിര്‍മാണ ചിലവ് .
രണ്ടു വര്‍ഷം മുന്‍പ് അഷ്ടമിച്ചിറ ജങ്ഷനിലെ റോഡിനെ നടുവില്‍ ഉണ്ടായിരുന്ന ഉപയോഗ ശൂന്യമായ പൊലിസ് എയ്ഡ് പോസ്റ്റ് പൊളിച്ച് നീക്കി തല്സ്ഥാനത്താണ് ഹൈമാസ്റ്റ് ലൈറ്റിനായി തറ നിര്‍മിച്ചത് .
ഇതോടെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയതു നിര്‍മാണം തടസപ്പെടാന്‍ ഇടയാക്കി. കൊടകര മാള റോഡില്‍ നിന്നു ചാലക്കുടി റോഡിലേക്ക് തിരിയുന്നിടത്തു റോഡിനു നടുവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതു അപകടങ്ങള്‍ക്കു കാരണമാകുമെന്നാണു എത്തിര്പ്പുമായി രംഗത്തെത്തിയവര്‍ പറഞ്ഞത്.
വാഹനങ്ങള്‍ നിയന്ത്രണം വിട്ടോ മറ്റോ ഹൈമാസ്റ്റ് ലൈറ്റില്‍ ഇടിച്ചാല്‍ അതു വലിയ അപകടങ്ങള്‍ക്കു കാരണമാകുമെന്ന അഭിപ്രായവുമുണ്ടായി. ഇതോടെ അധികൃതര്‍ ഈ ശ്രമം ഉപേക്ഷിച്ച നിലയിലായിരുന്നു.
അഷ്ടമിച്ചിറയിലെ വ്യാപാരികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ നിര്‍മാണം പാതിയില്‍ ഉപേക്ഷിച്ചതിനെതിരേ വ്യാപാരികള്‍ രംഗത്തു വന്നിരുന്നു .
ഒടുവില്‍ അധികൃതര്‍ എതിര്‍പ്പുമായി രംഗത്തു വന്നവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പഴയ തറയില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ജി.എസ്.ടി നടപ്പിലാക്കിയത് ഫണ്ട് ലഭ്യമാകുന്നതില്‍ കാലതാമസം സൃഷ്ടിച്ചതായും സൂചനയുണ്ട്. അഷ്ടമിച്ചിറയില്‍ കൂടാതെ മാള പച്ചക്കറി മാര്‍ക്കറ്റിലും വലിയപറമ്പിലും നിര്‍മാണം പുരോഗമിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂന്നിടങ്ങളിലും ഒരുമിച്ച് ഉദ്ഘാടനം നടത്തുമെന്ന് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."