അജന്യ മടങ്ങുന്നു; പുതുജീവിതത്തിലേക്ക്
കോഴിക്കോട്: ഒരു ജനതയുടെ മുഴുവന്‍ പ്രാര്‍ഥനയും ആരോഗ്യപ്രവര്‍ത്തകരുടെ കഠിനപ്രയത്നവും അര്‍ഥപൂര്‍ണമാക്കി ആ കുഞ്ഞുമാലാഖ തിരികെ ജീവിതത്തിലേക്ക്. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ നിപാ വൈറസ് ബാധിച്ച നഴ്സിങ് വിദ്യാര്‍ഥിനി അജന്യയാണ് തിരികെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. രോഗം പൂര്‍ണമായും മുക്തമായ അജന്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. അജന്യയോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഉബീഷിന് ഈ മാസം പതിനാലിനും ആശുപത്രി വിടാനാകും. മെയ് 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുകയായിരുന്ന അജന്യക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ മരണത്തിന് പിന്നാലെ മറ്റൊരു നഴ്സിന് കൂടി രോഗം സ്ഥിരീകരിച്ചത് അക്ഷരാര്‍ഥത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുകയായിരുന്നു.
ലോകാരോഗ്യ സംഘടനകള്‍ക്കുവരെ പരിഹാരമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അപൂര്‍വ വൈറസും ശരീരത്തില്‍ പേറി പത്തുദിവസത്തിലധികമാണ് അബോധാവസ്ഥയില്‍ അജന്യ മരണം മുന്നില്‍ക്കണ്ട് കഴിഞ്ഞത്.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആശ്ചര്യകരമായ അതിജീവനത്തിന്റെ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാവരും മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കെ അജന്യയുടെയും ഉബീഷിന്റെയും ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദില്‍നിന്ന് എത്തിച്ച റിബാവൈറിന്‍ മരുന്ന് ഇരുവര്‍ക്കും നല്‍കിത്തുടങ്ങിയിരുന്നു. പിന്നീട് ഒാരോ ദിവസങ്ങളിലായി പുറത്തുവന്ന വാര്‍ത്തകളും ലോകരാജ്യങ്ങള്‍ ആശ്ചര്യത്തോടെയാണ് ശ്രവിച്ചത്.
ഒരുപക്ഷേ ലോക ചരിത്രത്തില്‍ തന്നെ ആദ്യത്തെ നിപാ അതിജീവന ചരിത്രം രചിച്ചുകൊണ്ട് അജന്യ ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അത് രാപ്പകല്‍ ഭേദമില്ലാതെ പരിചരിച്ച ഒരുകൂട്ടം ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."