ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ ശാന്തി സദനത്തില്‍ മുസ്‌ലിം ലീഗിന്റെ വേറിട്ട ഇഫ്താര്‍ സംഗമം
ഇരിങ്ങാലക്കുട: ശിഹാബ് തങ്ങളുടെ ഓര്‍മയില്‍ അനാഥമായ അമ്മമാരോടൊപ്പം അവര്‍ ഒത്തുചേര്‍ന്നു.
മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട മുപ്പതോളം അമ്മമാരെ സംരക്ഷിക്കുന്ന ഇരിങ്ങാലക്കുടയിലെ ശാന്തി സദനത്തിലാണ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ഇഫ്താര്‍ സംഗമവും സൗഹൃദ കൂട്ടായ്മയും ഒരുക്കിയത്.
സംരക്ഷിക്കേണ്ട മകള്‍ക്കും ബന്ധുക്കള്‍ക്കും ഒരു ബാധ്യതയായി മാറിയപ്പോള്‍ ശാന്തിസദനത്തിലെ മദറിന്റെയും മറ്റും നേതൃത്വത്തില്‍ അവരെ ഏറ്റെടുക്കുകയും പരിചരിക്കുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് മണ്ഡലം കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ഒരുക്കിയത്.
സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഈ പരിപാടി മറ്റു സംഗമങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.
മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് സംഗമം ഉദ്ഘാടനം ചെയ്തു. സമൃദ്ധിയുടെയും ധാരാളിത്തത്തിന്റെയും നടുവില്‍ ആര്‍ഭാട ജീവിതം നയിക്കുന്ന മനുഷ്യന്റെ മനസില്‍ നിന്നും നന്മയും സ്‌നേഹവും കരുണയും ദയയും വറ്റിപോയ കെട്ട കാലത്ത് ഇത്തരം പ്രവൃത്തികള്‍ ആര്‍ദ്രമായ ഹൃദയത്തില്‍ നിന്നും പൊഴിയുന്ന നന്മയുടെ നീര്‍കണങ്ങളാണെന്നു സി.എച്ച് റഷീദ് പറഞ്ഞു.പ്രസിഡന്റ് കെ.എ റിയാസുദ്ദീന്‍ അധ്യക്ഷനായി.
മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കിഡ്‌നി ദാനം ചെയ്ത സിസ്റ്റര്‍ റോസ് ആന്റോക്കു ഉപഹാരം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നിമ്യാഷിജു മുഖ്യാതിഥിയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ്‌മേനോന്‍, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ആന്റു ആലപ്പാടന്‍, ടൗണ്‍ മസ്ജിദ് ഇമാം പി.എന്‍.എം കബീര്‍ മൗലവി, ഡി.സി.സി സെക്രട്ടറിമാരായ എം.എസ് അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍, പി.ടി.ആര്‍ അബ്ദുസമദ്, പ്രസ് ക്ലബ് പ്രസിഡന്റ് വി.ആര്‍ സുകുമാരന്‍, ടി.കെ വര്‍ഗീസ്, വി.എം അബ്ദുള്ള സി.പി അബ്ദുള്‍കരീം, രാംകുമാര്‍ നമ്പൂതിരി, ഡോ. മാര്‍ട്ടിന്‍, പി.ബി മനോജ്, വി.എസ് റഷീദ്, സ്വാലിഹ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."