വിദേശികളോടുള്ള വെറുപ്പും വംശീയ വിദ്വേഷവുമെന്ന് ആഫ്രിക്ക
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ വംശീയാക്രമണത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരേ ആഫ്രിക്കന്‍ സ്ഥാനപതി കാര്യാലയത്തിന്റെ രൂക്ഷ വിമര്‍ശനം. വിദേശ പൗരന്മാരോടുള്ള വെറുപ്പും വംശീയ വേര്‍തിരിവുമാണ് ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് സ്ഥാനപതി കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചത്.
സംഭവത്തെക്കുറിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥാനപതിമാരെല്ലാവരും പ്രത്യേക യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് മനുഷ്യാവകാശ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആഫ്രിക്കന്‍ യൂണിയന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ദേശീയവും പ്രാദേശികവുമായ രീതിയില്‍ രാഷ്ട്രീയതല ചര്‍ച്ച അനിവാര്യമാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായത് വിദേശികളോടുള്ള വെറുപ്പും വംശീയ വിദ്വേഷവുമാണെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ പങ്കെടുത്ത യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ഗവണ്മെന്റില് നിന്ന് തൃപ്തികരമായ മറുപടിയുണ്ടായില്ലെന്ന് സ്ഥാനപതിമാര്‍ കുറ്റപ്പെടുത്തി.
17കാരനായ മനിഷ് എന്ന വിദ്യാര്‍ഥി അമിതമായ മയക്ക് മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തിലാണ് നാല് നൈജീരിയന്‍ വിദ്യാര്‍ഥികളെ ഗ്രേറ്റര്‍ നോയിഡയില്‍ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയത് നൈജീരിയന്‍ വിദ്യാര്ഥികളാണെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ മനിഷിന്റെ മരണത്തിനിടയാക്കിയ മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് ആരാണെന്നതുസംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."