പുലി ഭീഷണിയില്‍ ആദിവാസി ഊരുകള്‍
കാട്ടാക്കട: അഗസ്ത്യവനത്തില്‍ ഇപ്പോള്‍ പുലി കാലമാണ്. മഴക്കാലത്ത് കാട്ടിലെ തങ്ങളുടെ വാസസ്ഥാനത്തു നിന്ന് കൂട്ടമായി പുലികള്‍ ജലമേഖലയില്‍ എത്തുന്നതും അവിടെ ആഹാരം ചികയുന്നതും ഇരയെ പിടിക്കാന്‍ കാത്തിരിക്കുന്നതും കാരണം ഭീഷണിയുടെ വക്കിലാണ് ആദിവാസി ഊരുകളും പുറം നാട്ടുകാരും.
കഴിഞ്ഞ ദിവസം നെയ്യാര്‍ റെയിഞ്ചിലെ ആയിരംകാല്‍, കൊമ്പ, പത്തായം വച്ച അപ്പ് എന്നിവിടങ്ങളില്‍ പുലി ശല്യം തുടങ്ങിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളായ പട്ടി, ആട്, കോഴി തുടങ്ങിയവ അപ്രത്യക്ഷമായി. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ആദിവാസികള്‍ പറയുന്നു. മാത്രമല്ല പുറം നാടായ കാപ്പുകാട്ടിലും പരിസരപ്രദേശത്തും പുലി സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇത് വനം വകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാപ്പുക്കാട്ടിലാണ് ആന പുനരധിവാസകേന്ദ്രം. അടുത്തിടെ നെയ്യാര്‍, പേപ്പാറ വനങ്ങളിലെ വിവിധയിടങ്ങളില്‍ പുലികള്‍ കൂട്ടത്തോടെ എത്തുന്നതായി ചില ആദിവാസികളാണ് പുറം ലോകത്തെ അറിയിച്ചത്. അതും അവറ്റകള്‍ അധികം വരാന്‍ ഇടയില്ലാത്ത ഭാഗങ്ങളില്‍. വനത്തിലെ പുഴകളിലും പ്രത്യേകിച്ചും അണക്കെട്ട് വരുന്ന സ്ഥലങ്ങളിലുമാണ് പുലികള്‍ വന്നിരിക്കുന്നത്. ദിവസങ്ങളോളം അവിടെ തങ്ങുന്ന പുലികള്‍ മടങ്ങുന്നതും ആഴ്ചകള്‍ കഴിഞ്ഞാണ്. നെയ്യാറിലെ തെന്‍മല, തീര്‍ഥക്കര, മീന്‍മുട്ടി, അണകാല്‍, കൂരന്‍ചാടിയ കടവ് എന്നിവിടങ്ങളില്‍ പുലി സാന്നിധ്യം കണ്ടു.
പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയം, കാര്‍ലക്കോട്, കമലകം എന്നിവിടങ്ങളിലും ഇവറ്റകളെ കണ്ടു. അടുത്തിടെ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പുലികളുടെ ചിത്രം പതിയുകയും ചെയ്തു. പുലികള്‍ കാടിറങ്ങുന്ന സൂചനയാണ് ഇത് നല്‍കുന്നത്. സാധാരണ ഉള്‍കാട്ടില്‍ താവളമൊരുക്കുന്ന പുലികള്‍ ഇപ്പോള്‍ കാട് താണ്ടി പുറം ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാഗങ്ങളില്‍ കൂടി എത്തുന്നു.
ഇപ്പോള്‍ തന്നെ പുലികളെ ഭയന്ന് വനത്തില്‍ കഴിയാന്‍ പേടിയാണെന്ന് ആദിവാസികള്‍ പറയുന്നു. വനത്തില്‍ പുലികള്‍ക്ക് ആവാസ സൗകര്യങ്ങള്‍ അന്യമായി വരുന്നതും ആഹാരം കിട്ടാനുള്ള അവസരങ്ങള്‍ കുറയുന്നതും കാരണമാകാം ഇവറ്റകള്‍ പുറത്തേക്ക് വരുന്നതെന്ന് സംശയമുണ്ട്.
അതിനിടെ പുലി വേട്ട സജീവമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും വേട്ടക്കാരെ ഭയന്നാണ് കൂട്ടത്തോടെ അവറ്റകള്‍ സ്ഥലം വിടുന്നതെന്നും പരിസ്ഥിതി വാദികള്‍ പറയുന്നു. വനത്തില്‍ പുലികളുടെ എണ്ണം കൂടിയതായി വനം വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ അണക്കെട്ട് നീന്തി വരുന്ന പുലികളെ ഓര്‍ത്ത് ഭീതിയുടെ നിഴലിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."