കൊല്ലം ബൈപാസ് നിര്‍മാണം ഓഗസ്റ്റില്‍ പൂര്‍ത്തിയാകും
കൊല്ലം: ബൈപാസ് നിര്‍മാണം ഓഗസ്റ്റ് 22ന് മുന്‍പ് പൂര്‍ത്തിയാക്കുന്നവിധം ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയം അധികാരികള്‍ രേഖാമൂലം അറിയിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ ദൂരം ദേശീയപാത നിര്‍മാണത്തിന് 277.24 കോടി രൂപയുടെ ചെലവ് കണക്കാക്കിയിരുന്നത്. 2017ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് 2015ല്‍ കരാര്‍ നല്‍കിയത്. എന്നാല്‍ കാലാവധി ഈ വര്‍ഷം ഓഗസ്റ്റ് വരെ നീട്ടിക്കൊടുക്കേണ്ടി വന്നു. കാലതാമസം കാരണം പദ്ധതിച്ചെലവ് 352 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. പാറ പൊട്ടിക്കുന്നതിനും മെറ്റല്‍ കിട്ടുന്നതിനും അവ കൊണ്ടുവരുന്നതിനും അധികാരകേന്ദ്രങ്ങളില്‍ നിന്നും അനുമതി കിട്ടാത്തതും ക്വാറി ബന്ദുമാണ് കാലതാമസത്തിന് കാരണമായതെന്ന് മന്ത്രാലയം അറിയിച്ചു. 85 ശതമാനം പദ്ധതിയും പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള പദ്ധതിക്ക് 201.1 കോടി രൂപയാണ് ചെലവിട്ടത്. കേന്ദ്ര വിഹിതമായ 100.55 കോടി രൂപയും ഇതിനകം സമയബന്ധിതമായി നല്‍കിക്കഴിഞ്ഞു.
റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രധാന പ്രവൃത്തിയായ മൂന്ന് പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 1541.62 മീറ്റര്‍ നീളത്തിലുള്ള പാലങ്ങളുടെ പ്രവൃത്തിയില്‍ 190 പൈലുകള്‍, 46 പൈല്‍കാപ്പുകള്‍, 52 പിയറുകള്‍, 52 പിയര്‍കാപ്പുകള്‍, 172 പി.എസ്.സി ഗൈര്‍ഡര്‍ എന്നിവ പൂര്‍ത്തീകരിച്ചു. 172 ഗൈര്‍ഡര്‍, 43 ഡെക്ക് സ്ലാബുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു. റോഡിന്റെ വീതി കൂട്ടുന്ന പ്രവര്‍ത്തി 4.58 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 6.88 കിലോമീറ്റര്‍ ദൂരം പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
റോഡ് നിര്‍മാണത്തിന് ആദ്യമായി മണ്ണ് പാകുകയും അതിനു മുകളില്‍ ഗുണമേന്മയേറിയ മണ്ണ് വിരിക്കുകയും അതിനുശേഷം ഗ്രാനുലൂര്‍ സബ് ഗ്രേഡ് ചെയ്തും ശേഷം വെറ്റ് മിക്‌സ് മെക്കാഡം, അതിനു മുകളില്‍ സെന്‍ഡ് ബിറുമെന്‍ മെക്കാഡം, ഏറ്റവും മുകളില്‍ ബിറ്റുമിന്‍ മെക്കാഡവും ഉപയോഗിച്ചുള്ള അത്യാധനിക രീതിയിലുള്ള നിര്‍മാണമാണ് അവലംബിച്ചിരിക്കുന്നത്. രണ്ട് പൈപ്പ് കള്‍വര്‍ട്ടുകളും രണ്ട് ബോക്‌സ് കള്‍വര്‍ട്ടുകളും പണി പൂര്‍ത്തീകരിച്ചു. 21381 ചതുരശ്രമീറ്റര്‍ ആര്‍.ഇ പാനല്‍ കാസ്റ്റ് ചെയ്ത് സ്ഥാപിച്ചുകഴിഞ്ഞു.
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി നാലു വര്‍ഷം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും കരാറുകാരന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണമാണ് നടത്തുന്നതെന്നും അധികാരികള്‍ രേഖാമൂലം അറിയിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
നാലു ദശാബ്ദത്തിലേറെയായി കൊല്ലത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വികസന സംരംഭമാണ് പൂര്‍ത്തീകരണ ഘട്ടത്തിലെത്തുന്നത്. കൊല്ലത്തിന്റെ റോഡ് ഗതാഗത വികസനരംഗത്ത് ആശ്വാസകരമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യാന്‍ ബൈപാസിലൂടെ കഴിയുമെന്നും പ്രേമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."