ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘദൂര യാത്രികര്‍ക്ക് ആശ്വാസമാകും
കൊല്ലം: ദീര്‍ഘദൂര യാത്രികര്‍ക്ക് ആശ്വാസമായി കൊല്ലം ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലെത്തി. മൂന്ന് പ്രധാന പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയായി. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കൊല്ലം ചിന്നക്കടവഴിയുള്ള യാത്ര. ബൈപാസ് വരുന്നതോടെ നഗരത്തില്‍ പ്രവേശിക്കാതെ യാത്ര സുഗമമാകും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഒരു മണിക്കൂറിലേറെ ലാഭമുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു പോകേണ്ട വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെ മേവറംവഴി നീണ്ടകര പാലത്തിനു സമീപമെത്താന്‍ സാധിക്കും.
എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെ തിരുവനന്തപുരത്ത് എത്താനും ബൈപസ് സഹായകമാകും. കൊല്ലത്തിന്റെയും അഷ്ടമുടിക്കായലിന്റെയും ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കില്ലാതെ ഇനി യാത്ര തുടരാന്‍ അധികം നാള്‍ കാത്തിരിക്കേണ്ടിവരില്ല. എന്നാല്‍ പാലത്തിനിരുവശത്തും നടപ്പാതയില്ലെന്നതു കാല്‍നടയാത്രക്കാരെ വിഷമിപ്പിക്കുന്നു. നീളംകൂടിയ പാലത്തിലൂടെ വാഹനത്തിലിരുന്ന് മാത്രമാകും കായലിന്റെ സൗന്ദര്യം ആസ്വദിക്കാനാവുക. അഷ്ടമുടിക്കായലിനു കുറുകെയുള്ള മൂന്നു വലിയ പാലങ്ങള്‍ ബൈപാസിനെ ടൂറിസം സാധ്യതകളിലേക്ക് ഉയര്‍ത്തുന്നതാണ്.
കല്ലുംതാഴം മുതല്‍ മേവറം വരെയുള്ള റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കാവനാട് ആല്‍ത്തറമൂട് മുതല്‍ തട്ടാമല മേവറംവരെ ബന്ധിപ്പിക്കുന്നതാണ് കൊല്ലം ബൈപാസ്. ബൈപാസിന്റെ ആകെ നീളം 13 കിലോമീറ്ററാണ്. മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.55 കി.മീറ്റര്‍ ഭാഗം ഇതുവരെ പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗത്തിന്റെ നിര്‍മാണമാണു പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."