കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടാവുന്ന കൂടുമത്സ്യകൃഷി കേരളത്തിലും വ്യാപകമാകുന്നു. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്(സി.എം.എഫ്.ആര്‍.ഐ) കീഴിലാണു സംസ്ഥാനത്ത് കൂടുമത്സ്യകൃഷി ജനകീയമാകുന്നത്. കേരളത്തിലെ കായലുകളും മറ്റു ജലാശയങ്ങളും കൂടുമത്സ്യകൃഷിക്ക് ഏറെ അനുയോജ്യമായതിനാലാണു കര്‍ഷകര്‍ ഇതിലേക്കു തിരിയുന്നത്. '
സി.എം.എഫ്.ആര്‍.ഐയില്‍ നിന്ന് പരിശീലനം നേടിയവരാണു വിവിധയിടങ്ങളിലെ കായലുകളിലും നദികളിലും കുളങ്ങളിലും മത്സ്യക്കൂടുകളില്‍ കൃഷി ആരംഭിച്ചത്. വാണിജ്യപ്രാധാന്യമുള്ള കാളാഞ്ചി, കരിമീന്‍, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
എറണാകുളം, കോട്ടയം, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളിലെ കൂടുമത്സ്യകൃഷിയില്‍ താല്‍പര്യമുള്ളവരാണ് സി.എം.എഫ്.ആര്‍.ഐയുടെ സാങ്കേതികസഹായം തേടിയത്. സി.എം.എഫ്.ആര്‍.ഐയിലെ മാരിക്കള്‍ച്ചര്‍ വിഭാഗമാണ് കൂടുമത്സ്യകൃഷിക്കായി പരിശീലനം നല്‍കുന്നത്. ഇതിനായി നിക്ഷേപം ഇറക്കാന്‍ ആദ്യമൊക്കെ ആളുകള്‍ക്ക് മടിയായിരുന്നുവെന്നും എന്നാല്‍ സി.എം.എഫ്.ആര്‍.ഐയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പിഴലയിലെ കൂടുകൃഷി യൂനിറ്റ് വന്‍ വിജയമായതോടെയാണ് കൂടുതല്‍ പേര്‍ താല്‍പര്യംപ്രകടിപ്പിച്ചെത്തിയതെന്നും മാരിക്കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. ഇമല്‍ഡ ജോസഫ് പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയാണ് കര്‍ഷക സംഘങ്ങള്‍ക്കു സാമ്പത്തികസഹായം നല്‍കുന്നത്. എറണാകുളം ജില്ലയിലാണ് കൂടുമത്സ്യകൃഷി കൂടുതലും.
ആലുവയില്‍ പെരിയാര്‍ നദി, കോട്ടപ്പുറം കായല്‍, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറക്കല്‍, വൈപ്പിന്‍, എടവനക്കാട്, ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലെ ചിറക്കല്‍, വയലാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും കോട്ടയത്ത് പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലും തൃശൂരില്‍ ചേറ്റുവ, എങ്ങണ്ടിയൂര്‍, കൈപ്പമംഗലം പെരിഞ്ഞനം എന്നിവിടങ്ങളിലുമാണ് കൃഷി തുടങ്ങിയത്. മലപ്പുറം ജില്ലയില്‍ ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലുമാണു കൃഷി. കൊല്ലത്തും കണ്ണൂരും ഓരുജലാശയങ്ങളിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
കൂടുനിര്‍മ്മാണം, മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍, തീറ്റനല്‍കല്‍, കൃഷിക്കു വേണ്ട ചെലവ്, കൃഷിചെയ്യുന്നതിനു അനുയോജ്യമായ സ്ഥലങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കൃഷിയിലെ ശാസ്ത്രീയ വിവരങ്ങളുമാണ് സി.എം.എഫ്.ആര്‍.ഐ പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."