പൊലിസ് അക്രമത്തിനിരയായ ഉസ്മാന് കാക്കിയോട് അലര്‍ജിയെന്ന് കെ.ടി ജലീല്‍
കോഴിക്കോട്: ആലുവയില്‍ പൊലിസ് അക്രമത്തിനിരയായ ഉസ്മാന് കാക്കിയോട് മുമ്പേ അലര്‍ജിയെന്ന് മന്ത്രി കെ.ടി ജലീല്‍. തന്റെ ഫെയസ്ബുക്ക് പേജിലാണ് ഉസ്മാനെ ആക്ഷേപിക്കുന്ന കുറിപ്പ് എഴുതിയിരിക്കുന്നത്.
ആലുവയില്‍ ഉസ്മാനെന്നയാളെ പൊലിസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തല്‍പര കക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ മുസ്‌ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുകയെന്നും നോമ്പുകാരനായ ഉസ്മാനെ മര്‍ദ്ദിച്ചു എന്നാണ് നിയമസഭക്കകത്ത് പ്രതിപക്ഷവും പുറത്ത് ഇടതുപക്ഷവിരുദ്ധ പത്രദൃശ്യ മാധ്യമങ്ങളും പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും ജലീല്‍ പറയുന്നു. നോമ്പ്കാലം സഹനത്തിന്റെ മാസമെന്നാണ് ഇസ്്‌ലാം മതവിശ്വാസികള്‍ കരുതുന്നത്.
ക്ഷമ വിശ്വാസിയുടെ മുഖമുദ്രയാകേണ്ട സമയത്താണ് പറഞ്ഞവസാനിപ്പിച്ച ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി പ്രകോപനമുണ്ടാക്കി 'നോമ്പുകാരനായ' ഉസ്മാന്‍ പൊലിസ് ഡ്രൈവറായ അഫ്‌സലെന്ന മറ്റൊരു 'നോമ്പുകാരന്റെ' ദേഹത്ത് കൈവെച്ചത് .
ആ ഘട്ടത്തില്‍ അഫ്‌സലിന്റെ രക്ഷക്കെത്തി ഉസ്മാനെ മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്ന പൊലിസുകാരില്‍ ഒരാള്‍ മറ്റൊരു 'നോമ്പുകാരനായ' അബ്ദുല്‍ ജലീലാണ് . എ.എസ്.ഐ പുഷ്പരാജനും കൂടെയുണ്ടായിരുന്നു.
തുടക്കമിട്ടത് ഉസ്മാനാണെങ്കിലും പൊലിസ് കാണിക്കേണ്ട അവധാനത കാണിച്ചില്ലെന്നതിന്റെ പേരിലാണ് മൂന്ന് പൊലിസുകാര്‍ക്കുമെതിരേ അച്ചടക്ക നടപടി ഉണ്ടായത്. ഉസ്മാനെ രക്ഷിക്കാനെന്ന മട്ടില്‍ സ്റ്റേഷനിലും ആശുപത്രിയിലുമെത്തി കുഴപ്പത്തിന് ശ്രമിച്ചവരില്‍ ഭൂരിഭാഗവും ആരായിരുന്നു?
കോണ്‍ഗ്രസുകാരോ ലീഗുകാരോ ആയിരുന്നോ ? അല്ലെന്നതാണ് യാഥാര്‍ഥ്യം. തന്റെ സഹോദരന്റെ മകനായ ഉസ്മാനെ രക്ഷിക്കാനെന്ന വ്യാജേന പ്രശ്‌നത്തില്‍ ഇടപെട്ട ഇസ്മായിലിനെതിരേ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശചെയ്തുകൊടുത്തതുള്‍പ്പടെ നിരവധി കേസുകളാണുള്ളതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എസ്.ഡി.പി.ഐക്ക് വേണ്ടി ബി.ജെ.പിയും ബി.ജെ.പിക്ക് വേണ്ടി എസ്.ഡി.പി.ഐയും പരസ്പരം വാദിക്കുകയാണെന്നും കെ.ടി ജലീല്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."