ഡോ. ജഅ്ഫര്‍ അബ്ദുസ്സലാം അന്തരിച്ചു
കെയ്‌റോ: പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ്(ഐ.യു.എല്‍) ജനറല്‍ സെക്രട്ടറിയുമായ ഡോ. ജഅ്ഫര്‍ അബ്ദുസ്സലാം(77) അന്തരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അബ്ദുസ്സലാം ശ്രദ്ധേയനായ നിയമപണ്ഡിതന്‍ കൂടിയാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു.
ഇരുനൂറോളം ലോകോത്തര ഇസ്‌ലാമിക സര്‍വകലാശാലകളുടെ കൂട്ടായ്മയായ ഐ.യു.എല്ലിന്റെ ജനറല്‍ സെക്രട്ടറിയായി 1995 മുതല്‍ സേവനമനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നടന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ ജനറല്‍ ബോഡിയില്‍ വീണ്ടും തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സംവിധാനങ്ങളായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) എന്നിവ ലീഗില്‍ അംഗങ്ങളാണ്. ഐ.യു.എല്‍ നിര്‍വാഹക സമിതി അംഗവും വാഫി-വഫിയ്യ കോഡിനേറ്ററുമായ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."