ആദിവാസി മധ്യവയസ്കനെ കാട്ടാന കുത്തിക്കൊന്നു
മീനങ്ങാടി: വനാതിര്‍ത്തിയിലൂടെ നടന്നുപോയ ആദിവാസി മധ്യവയസ്കനെ കാട്ടാന കുത്തിക്കൊന്നു.
പൂതാടി പഞ്ചായത്തിലെ ഇരുളം വട്ടത്താനി ഗാന്ധിനഗര്‍ മാരമല കാട്ടുനായ്ക്ക കോളനിയിലെ ഗോപി(45) യാണു ഞായറാഴ്ച രാത്രി എട്ടോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മൂടക്കൊല്ലിയിലെ കടയില്‍നിന്നു പച്ചക്കറികള്‍ വാങ്ങി വീട്ടിലേക്കു പോകവേയാണ് ഗോപി ഒറ്റയാന്റെ മുന്നില്‍പ്പെട്ടത്.
തട്ടിവീഴ്ത്തിയ ശേഷം നെഞ്ചില്‍ ഇരു കൊമ്പുകളും കുത്തിയിറക്കിയാണ് കാട്ടാന ഇയാളെ കൊന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ഇവിടെ വനംവകുപ്പ് മതില് കെട്ടിയിരുന്നു.
മതിലിന്റെ ഗേറ്റ് തുറന്നുകിടന്നതിനാലാണ് ആന വനത്തില്‍നിന്നു പുറത്തിറങ്ങിയത്. അമ്പലവയല്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കോളനി ശ്മശാനത്തില്‍ സംസ്കരിച്ചു.
സബ് കലക്ടര്‍ ശീറാം സാമ്പശിവറാവു, സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
അടിയന്തര സഹായമായി റവന്യൂ, പട്ടികവര്‍ഗക്ഷേമ വകുപ്പുകള്‍ 5000 രൂപ വീതം നല്കി. ലീലയാണ് ഗോപിയുടെ ഭാര്യ. മക്കള്‍: സിന്ധു, ഷിജിത്ത്. മരുമകന്: ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."