വനമേഖലയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്പനശാല അടച്ച് പൂട്ടണമെന്ന്
വടക്കാഞ്ചേരി: ഓട്ടുപാറയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്പനശാല മങ്കര ലക്ഷം വീട് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ച നടപടി ഏക പക്ഷീയവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എം.ആര് സോമനാരായണന്‍ പറഞ്ഞു. നഗരസഭയില്‍ ഇതിനാവശ്യമായ അപേക്ഷ പോലും നല്‍കാതെയാണ് നിരവധി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ലക്ഷം വീട് പരിസരത്തേക്ക് മദ്യ വില്പന ശാല മാറ്റി സ്ഥാപിച്ചത്.
വനമേഖലകള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടവും പരസ്യമായി ലംഘിച്ചിരിക്കുകയാണ്. സംരക്ഷിത വനമേഖലയിലാണ് മദ്യ വില്പനശാല ആരംഭിച്ചിട്ടുള്ളത്. നിരന്തരം കാട്ടുതീ പടരുന്ന ഈ വനമേഖല വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ്. അതു കൊണ്ടു തന്നെ വനമേഖലയുടെ വലിയ നാശത്തിന് സാധ്യതയുമേറെയാണ്.
നഗരസഭയുടെ അനുമതി ഇല്ലാതെ ആരംഭിച്ച മദ്യശാല ഉടന്‍ അടച്ച് പൂട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സോമനാരായണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."