ലഹരികടത്ത് പ്രതിരോധം: കോയമ്പത്തൂര്‍ ജില്ലാ ഭരണകാര്യാലയവുമായി ചര്‍ച്ച നടത്തും
പാലക്കാട്:പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടെ ജില്ലയില്‍ ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്നു വരുന്നത് പ്രതിരോധിക്കുന്നതിന് കോയമ്പത്തൂര്‍ ജില്ലാ ഭരണകാര്യാലയവും പോലീസ് അധികൃതരുമായി സംയുക്ത ചര്‍ച്ച നടത്താന്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദിവാസി മേഖലയിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്ന ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിലാണ് തീരുമാനം. കോയമ്പത്തൂരില്‍ നിന്ന് ജില്ലയിലേക്കുളള ലഹരിയുടെ കടന്നുവരവ് കൂടിവരുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു സംയുക്ത ചര്‍ച്ചയ്ക്ക് ജില്ലാഭരണകാര്യാലയവും ജില്ലാ പൊലീസ് അധികൃതരും തയ്യാറാവുന്നത്. കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് റൂറല്‍ മേധാവി, അസിസ്റ്റന്റ് കമ്മീഷനര്‍, ആര്‍.ഡി.ഒ തലത്തിലുളളവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക.
മദ്യലഹരിക്കിടെയുളള തര്‍ക്കത്തിനിടെ കുഞ്ഞുങ്ങള്‍ ഇരയാകുന്ന സാഹചര്യം തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അത്തരം സാഹചര്യം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പട്ടികവര്‍ഗ മേഖലയില്‍ ലഹരിയുമായി ബന്ധപ്പെട്ടുളള പരിശോധന കര്‍ശനമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷനര്‍ എം.എസ് വിജയന്‍ പറഞ്ഞു.
നിലവില്‍ എക്‌സൈസിനു കീഴിലുളള ജനമൈത്രി പൊലീസ്, മേഖലയില്‍ സജീവമായി പരിശോധന തുടരുന്നുണ്ട്. കൂടാതെ സര്‍ക്കാരിന്റെ പുതിയ ലഹരിവര്‍ജന യജ്ഞമായ ' വിമുക്തി 2016' ബന്ധപ്പെടുത്തിയുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ലഹരി ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ടുളള ശിക്ഷാ നടപടികളും നിയമവശങ്ങളും സംബന്ധിച്ച് മേഖലയില്‍ ബോധവത്കരണ പരിപാടി നടത്തും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കുളള ചികിത്സകേന്ദ്രങ്ങള്‍ക്കൊപ്പം തന്നെ ഇക്കൂട്ടര്‍ക്കുളള പുനരധിവാസ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം .തുഷാര്‍, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍ ശെല്‍വരാജ് , ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി.കെ അജീഷ്, ടി.ഡി.ഒ ജൂനിയര്‍ സൂപ്രണ്ട് ദീപ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."