ഡാമിനകത്ത് കന്നുകാലികളെ വിട്ടാല്‍ കര്‍ശന നടപടി
പാലക്കാട്:മലമ്പുഴ ഡാമിലും ജലാശയത്തിന് ചുറ്റുമുള്ള സംരക്ഷിത മേഖലയിലും കന്നുകാലികളെ മേയ്ക്കാനായി അഴിച്ച് വിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. മലമ്പുഴ ജലസേചന വിഭാഗം നടത്തിയ ഡാമിലെ ജലപരിശോധനയില്‍ കോലിഫോം ബാക്ടീരിയയും മനുഷ്യരുടേയും മൃഗങ്ങളുടേയും വിസര്‍ജത്തിലുണ്ടാകുന്ന ഇ-കോലി ബാക്റ്റീരിയയും കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഡാം പരിസരത്ത് മേയുന്ന കന്നുകാലികളുടെ ഉടമസ്ഥരായ 73 പേരുടെ മേല്‍വിലാസം ജലസേചന വകുപ്പ് സമാഹരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പരിസരത്ത് മൈക്ക് അനൗണ്‍സ്‌മെന്റും അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കും. തുടര്‍ന്നും സംരക്ഷിതമേഖലയില്‍ കന്നുകാലികളെ കണ്ടെത്തിയാല്‍ പിടിച്ചുകെട്ടും. ഉടമസ്ഥനില്‍ നിന്നും പിഴ ഈടാക്കി വിട്ട് നല്‍കുകയോ ഫാമുകളിലേയ്ക്ക് കൈമാറുകയോ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഉടമസ്ഥരുള്ളതും ഉടമസ്ഥരില്ലാതെ അലഞ്ഞ് നടക്കുന്നതുമായ രണ്ടായിരത്തോളം കന്നുകാലികള്‍ ജലാശയ പ്രദേശത്തുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. ചത്ത കന്നുകാലികളെ മറവ് ചെയ്യുന്നതിനും ജലാശയം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധത്തിന് ഗ്രാമപഞ്ചായത്ത് തലത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കും.
നിലവിലുള്ള 12 കി.മീറ്റര്‍ ഫെന്‍സിങ് കൂടാതെ വനംവകുപ്പിന്റെ ഭൂമിയോടനുയോടനുബന്ധിച്ചും ഫെന്‍സിങ് നടത്താന്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് നല്‍കും.
ഡാമില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന 30 മില്യന്‍ എം.ക്യൂബ് ചെളി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച നടപടികള്‍ ത്വരിതപ്പെടുത്തും. ഫെന്‍സിങ് തകരാറായ സ്ഥലത്ത് ഉടന്‍ അറ്റകുറ്റപ്പണി നടത്തും.
സംരക്ഷിത മേഖലയില്‍ ടൂറിസ്റ്റുകള്‍ കടക്കാതിരിക്കാന്‍ സൂചികാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ , മലമ്പുഴ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍.ശിവദാസന്‍, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് , പൊലീസ് വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."