തൊഴിലുറപ്പു പദ്ധതിയുടെ ഉത്തരവാദിത്വം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം: എം.പി
ആലപ്പുഴ : തൊഴിലുറപ്പു പദ്ധതിയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്വം പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ജില്ലയുടെ വിഹിതത്തില്‍ 40 ശതമാനം തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
34 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ഇതോടെ നഷ്ടമായത്. പദ്ധതിയില്‍ കൂടുതല്‍ ആസ്തികള്‍ സൃഷ്ടിച്ചെങ്കില്‍ മാത്രമേ പദ്ധതിക്ക് സംസ്ഥാനത്ത് ഇനി ഭാവിയുള്ളൂവെന്നതാണ് സാഹചര്യം. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 286 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകളുടേയും ഓടകളുടേയും ജലസ്രോതസ്സുകളുടെ നവീകരണവുമടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ആസ്തി വികസനത്തിനു പകരം കൂലിയിനത്തിലാണ് ഈ തുകയില്‍ ഏറിയപങ്കും വിനിയോഗിച്ചത്. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം പദ്ധതിയില്‍ ആസ്തികള്‍ സൃഷ്ടിക്കുന്ന ജില്ലകള്‍ക്കുമാത്രമാകും ഇനി മതിയായ ഫണ്ട് നല്‍കുക. ആയതിനാല്‍ ആസ്തി വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ഉടന്‍ നടപടിയെടുക്കണം. ഉദാസീനത തുടര്‍ന്നാല്‍ ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയെ അവതാളത്തിലാകും.
തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കൂലിയിനത്തില്‍ സാധാരണക്കാര്‍ക്കു ലഭിച്ചിരുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നത്. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും യോഗത്തില്‍ എം.പി പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ ലഭ്യമായ മുഴുവന്‍ ജലസ്രോതസ്സുകളും ഉപയോഗ യോഗ്യമാക്കാന്‍ മുന്‍ഗണന നല്‍കണം വേനല്‍ കനക്കുന്നതനുസരിച്ച് കുളങ്ങളുടേയും പൊതു ജലാശയങ്ങളുടേയും നവീകരണവും സംരക്ഷണവും പദ്ധതിക്കു കീഴില്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറാകണം.
ഹരിതാഭ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളും സ്വീകരിക്കണം. വരള്‍ച്ച നേരിടാന്‍ വിപുലമായ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ രൂപം നല്‍കണം. അനുവദിച്ച തൊഴില്‍ ദിനങ്ങളുടെ 65 ശതമാനംവരെ ഇത്തരത്തില്‍ ചെലവഴിക്കാമെന്നും എം.പി പറഞ്ഞു. റോഡു നിര്‍മാണത്തിന് പോലും തൊഴിലുറപ്പ് പദ്ധതി വേണ്ട വിധത്തില്‍ ചില പഞ്ചായത്തുകള്‍ ചെലവഴിക്കുന്നില്ല. റോഡിനും ഓടയുടെ നിര്‍മാണത്തിനും പഞ്ചായത്തുകള്‍ ശ്രദ്ധചെലുത്തുന്നില്ല. ചില സ്ഥലങ്ങളില്‍ പദ്ധതി നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും പല ബി.ഡി.ഒ.മാരും പഞ്ചായത്തു അധികൃതരും ഇക്കാര്യത്തില്‍ തങ്ങളുടെ ചുമതല വേണ്ട വിധം വിനിയോഗിക്കുന്നില്ല. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് ജില്ലയില്‍ റോഡ് നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിയത്. ഹരിപ്പാട് മാത്രം 8.91 കോടി രൂപ ആസ്തി വികസനത്തിനായി ചെലവഴിച്ച് 120 റോഡുകളാണ് നിര്‍മ്മിച്ചത്. 2016 നവംബര്‍ മുതല്‍ കുടിശ്ശികയുള്ള കൂലി ഏപ്രില്‍ 10-നു മുന്‍പായി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ബില്ലു നല്‍കുന്നതിലും ചില പഞ്ചായത്തുകള്‍ വീഴ്ച വരുത്തി. ഇതാവര്‍ത്തിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. യോഗത്തില്‍ ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍, ബി.ഡി.ഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ ലീഡ് ബാങ്ക് പ്രതിനിധി മുതലായവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."