നീക്കംചെയ്ത മണ്ണ് തിരിച്ച് നിഷേപിച്ചില്ല; സാന്‍ഡ്ബാങ്ക്സ് ഗ്രൗണ്ട് വെള്ളത്തിനടിയില്‍
വടകര: ഫുട്ബോള്‍ മത്സരത്തിനായി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തത് തിരിച്ച് നിക്ഷേപിക്കാത്തത് കാരണം സാന്‍ഡ്ബാങ്ക്സ് ഗ്രൗണ്ടില്‍ വെള്ളംകയറി. ഡി.വൈ.എഫ്.ഐ വടകര നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു ഇവിടെ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്തതോടെ ഗ്രൗണ്ടിന് നടുവിലായി വലിയ കുഴി പ്രത്യക്ഷപ്പെട്ടു. എന്നാല്‍ കളികഴിഞ്ഞിട്ടും നീക്കം ചെയ്ത മണ്ണ് യഥാസ്ഥാനത്ത് കൊണ്ടിടാന്‍ സംഘാടകര്‍ മുതിര്‍ന്നില്ല. കാലവര്‍ഷം കനത്തതോടെ ശക്തമായ മഴയില്‍ ഈ ഗ്രൗണ്ടില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
അവധി ദിവസങ്ങളിലും മറ്റും നൂറ് കണക്കിന് ആളുകളാണ് വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ്ബാങ്ക്സില്‍ എത്തിച്ചേരുന്നത്. ഇവിടെ വരുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നതിനാല്‍ ഈ ഗ്രൗണ്ടാണ് പാര്‍ക്കിങ്ങിനായി അനുവദിച്ചിരുന്നത്. പെരുന്നാള്‍ ദിവസത്തില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന സാന്‍ഡ്ബാങ്ക്സില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ടൂര്‍ണമെന്റ് സംഘാടകര്‍ സ്വീകരിച്ച നിലപാടില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതോടൊപ്പം ഗ്രൗണ്ട് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. അതേസമയം സ്ഥിരമായി പ്രദേശത്തെ വിദ്യാര്‍ഥികളും മറ്റും കളിക്കാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടില്‍ വെള്ളംകയറിയതോടെ കളി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നാണ് വിവിധ സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."