ഭൂജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: കടുത്ത വേനലിനെ നേരിടാന്‍ സംസ്ഥാനം തയ്യാറെടുക്കുമ്പോള്‍ പഞ്ചായത്തുകള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഭൂസംരക്ഷണം, ജലസംരക്ഷണം എന്നിയ്ക്ക് മുഖ്യ പ്രാധാന്യം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. ജില്ലയിലെ എല്ലാ കുളങ്ങളും വൃത്തിയാക്കുന്ന ചുമതല എം.എന്‍.ആര്‍.ഇ.ജി.എസ് ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന ജില്ലയിലെ തൊഴിലുറപ്പുപദ്ധതി സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
2500 കോടി രൂപ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പു മേഖലയില്‍ ചെലവഴിച്ചു. ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പഞ്ചായത്തുകളുടെ പിടിപ്പുകേടും കൊണ്ട് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് എം.പി. പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയുടെ പുതിയ മാനദണ്ഡപ്രകാരം ആസ്തി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ആകെ തുകയുടെ 65 ശതമാനം തുക കുടിവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നിട്ടും പല പഞ്ചായത്തുകളും പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വലിയ വീഴ്ച വരുത്തുന്നത് എം.പി. യോഗത്തില്‍ ചൂണ്ടിക്കാട്ടി.
റോഡു നിര്‍മാണത്തിന് പോലും തൊഴിലുറപ്പ് പദ്ധതി വേണ്ട വിധത്തില്‍ ചില പഞ്ചായത്തുകള്‍ ചെലവഴിക്കുന്നില്ല. റോഡിനും കാനയ്ക്കും പഞ്ചായത്തുകള്‍ ശ്രദ്ധചെലുത്തുന്നില്ല. അംഗനവാടി കെട്ടിടം, ഓരുമുട്ട് എന്നിവയുടെ നിര്‍മാണത്തിനും തൊഴിലുറപ്പ് ഉപയോഗപ്പെടുത്താം. ഇതൊക്കെയായിട്ടും പല ബി.ഡി.ഒ.മാരും പഞ്ചായത്തും തങ്ങളുടെ ചുമതല വേണ്ട വിധം വിനിയോഗിക്കുന്നില്ലെന്ന് എം.പി. പറഞ്ഞു. പ്രാദേശിക പ്രത്യേകതകള്‍ അനുസരിച്ച് പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണം.
ഓരോ പഞ്ചായത്തിലും എം.എന്‍.ആര്‍.ഇ.ജി.എസ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുളങ്ങളുടെ എണ്ണം, റീ ചാര്‍ജ് ചെയ്യാനുള്ള കിണറുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലത്തിന് മുമ്പ് കുളങ്ങളുടെ ലിസ്റ്റ് എടുത്ത് നവീകരിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്ന് പഞ്ചായത്തുകളോടും എം.പി. ആവശ്യപ്പെട്ടു.
ആസ്തി തീരുമാനിച്ച് തൊഴില്‍ ദിനങ്ങള്‍ നല്‍കാതിരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കായിരിക്കും. നവംബറിന് ശേഷം തുക ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കാന്‍ കുടിശ്ശികയുള്ളത് ആറു കോടി രൂപയാണ്.
ഏപ്രില്‍ പത്തോടെ തുക അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി തനിക്ക് ഉറപ്പു നല്‍കിയിട്ടുള്ളതായി എം.പി. പറഞ്ഞു. ബില്ല് തയ്യാറാക്കി നല്‍കുന്നതില്‍ മന:പൂര്‍വം വിഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ ആധാര്‍ ബന്ധപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്ക് കത്ത് നല്‍കാന്‍ ലീഡ്ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി. വിജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."