ചോമ്പാലില്‍ ദേശീയപാത സര്‍വേ നടപടികള്‍ തടഞ്ഞു
വടകര: ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ ചോമ്പാലില്‍ വീണ്ടും തടഞ്ഞു. ഇന്നലെ 11 മണിയോടെയാണ് ദേശീയപാതാ വിഭാഗം തഹസില്‍ദാര്‍ ഓഫിസില്‍നിന്നുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. മണിക്കൂറുകള്‍ നീണ്ടുനിന്ന വാക്കേറ്റത്തിലും കൈയാങ്കളിയിലുംപെട്ട് സര്‍വേ മുടങ്ങുകയായിരുന്നു. ഒടുവില്‍ വനിതാ പൊലിസ് അടക്കമുള്ള വന്‍സന്നാഹത്തോടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയാണു സര്‍വേ നടപടികള്‍ തുടര്‍ന്നത്.
പല സ്ഥലങ്ങളിലും ഏറെനേരം പൊലിസും റവന്യു ഉദ്യോഗസ്ഥരും സ്ഥലമുടമകളും തമ്മില്‍ വാക്കേറ്റം നടന്നു. നഷ്ടപ്പെടുന്ന മരങ്ങള്‍ക്കു നമ്പറിടുന്ന നടപടികളാണു ഇന്നലെ നടന്നത്. തിങ്കളാഴ്ച നടന്ന സര്‍വേ ഒരുകാരണവശാലും നിര്‍ത്തിവയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മുന്‍പ് സ്ഥലമുടമകളുടെ ശക്തമായ എതിര്‍പ്പാണ് പലതവണ നിര്‍ത്തിവയ്ക്കാന്‍ കാരണമായത്.
ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ പി. പ്രദീപ്കുമാര്‍ സ്ഥലത്തെത്തിയെങ്കിലും കര്‍മ്മസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല. ബലപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. കര്‍മ്മസമിതി നടത്തിയ പ്രതിഷേധ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണനും ആര്‍.എം.പി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം സി. സുഗതനും സ്ഥലത്തെത്തിയിരുന്നു.
പൊലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി റോഡ് സ്വകാര്യവല്‍ക്കരണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇടതുപക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചോമ്പാലില്‍ സ്ത്രീകളെയും കുട്ടികളെയും റവന്യൂ ഉദ്യോഗസ്ഥരും പൊലിസും ഭയപ്പെടുത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ച് സ്ഥലമെടുപ്പ് നടപടി തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ പി.കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമന്‍, പി.കെ നാണു, പി. രാഘവന്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."