പൊന്നാനിയിലെ ഗസല്‍ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിന് സ്പീക്കര്‍
പൊന്നാനി: പൊന്നാനിയുടെ ഗസല്‍ പാരമ്പര്യം വീണ്ടെടുക്കാനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റമദാന്‍ സംഗീതരാവില്‍ പാട്ടുകാരോടൊപ്പം താളമിട്ട് സ്പീക്കറും ഗസലില്‍ മുഴുകി.
റമദാനോടനുബന്ധിച്ച് പൊന്നാനി വണ്ടിപ്പേട്ടയില്‍ പീപ്പിള്‍സ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സ്പീക്കര്‍ അപ്രതീക്ഷിതമായി എത്തിയത്. ഇ.കെ ഇമ്പിച്ചിബാവയുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പാട്ട് പാടിയാണ് കലാകാരന്‍മാര്‍ അദ്ദേഹത്തെ വരവേറ്റത്. ഇതോടെ പാട്ടിന് താളമിട്ട് സ്പീക്കര്‍ കലാകാരന്‍മാര്‍ക്കൊപ്പം ചേരുകയായിരുന്നു. ഖവാലിയുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും താളം ഇഴുകിച്ചേര്‍ന്ന തുറമുഖ നഗരമാണ് പൊന്നാനി. വെകുന്നേരങ്ങളില്‍ തട്ടുമ്പുറങ്ങളില്‍ സജീവമാകുന്ന മ്യൂസിക് ക്ലബുകള്‍ പൊന്നാനിയുടെ ഭാഗമായിരുന്നു.
റമദാന്‍ മാസമായാല്‍ പുലരുംവരെ ഈ സംഗീത കൂട്ടായ്മകള്‍ സജീവമാകും. എന്നാല്‍, നിരവധി സംഗീത കൂട്ടായ്മകളുണ്ടായിരുന്ന പൊന്നാനിയില്‍ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമെ അവശേഷിക്കുന്നുള്ളു. ഈ സാഹചര്യത്തില്‍ പൊന്നാനിയിലെ പരമ്പരാഗത മ്യൂസിക് ക്ലബുകളെ സംരക്ഷിക്കുന്ന പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കറെത്തിയത്. പൊന്നാനിയുടെ സംഗീത പാരമ്പര്യം തിരിച്ചുപിടിക്കുന്നതിന് പരമ്പരാഗത മ്യൂസിക് ക്ലബുകള്‍ സംരക്ഷിക്കും എന്ന് ഗദ്ദിക വേദിയില്‍ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നു. പൊന്നാനിയിലെ പീപ്പിള്‍സ് ക്ലബിലെ കലാകാരന്‍മാരെ ഇതേ വേദിയില്‍ ആദരിക്കുകയുംചെയ്തു.
ഇമ്പിച്ചിബാവ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പൊന്നാനിയുടെ സാംസ്‌കാരിക മുദ്രകളായ സംഗീതക്ലബുകള്‍ ശക്തിപ്പെടുത്തുന്നത്. പരമ്പരാഗത മ്യൂസിക് ക്ലബുകളുടെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും സംഗീതോപകരണങ്ങള്‍ എത്തിക്കുന്നതിനും കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."