തിരൂര്‍ നഗരത്തിലെ റോഡ് തകര്‍ച്ച: അറ്റകുറ്റപ്പണി 25ന് തുടങ്ങുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍
തിരൂര്‍: ശുദ്ധജല വിതരണപൈപ്പ് സ്ഥാപിക്കാനും അറ്റകുറ്റപ്പണിയ്ക്കുമായി വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച നഗരറോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കാന്‍ 25ന് പ്രവൃത്തി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. നഗരസഭാ ചെയര്‍മാന്‍ കെ. ബാവ, വൈസ് ചെയര്‍പേഴ്‌സണ്‍ മുനീറാ കിഴക്കാംകുന്നത്ത് എന്നിവര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ഇന്നലെ റസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. പെരുന്നാള്‍ തിരക്ക് കണക്കിലെടുത്താണ് റോഡ് പ്രവൃത്തി പെരുന്നാളിന് ശേഷം നടത്താന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സെക്രട്ടറി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരെ അറിയിച്ചു.റോഡ് പ്രവൃത്തിക്കായുള്ള സര്‍വേ നടപടികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് മുതല്‍ തലക്കടത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിക്കഴിഞ്ഞു.
സര്‍വേ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. കുഴികളിലെ മണ്ണ് മാറ്റിയതിന് ശേഷം ജി.എസ്.ബി മിക്‌സ് നിറച്ച് കുഴി അടക്കും. മഴ മാറിയതിന് ശേഷം ടാറിങ് പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. മഞ്ചേരിയിലെ മലബാര്‍ പ്ലസ് എന്ന സ്വകാര്യ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 88.71 ലക്ഷം രൂപയാണ് കരാര്‍ തുക.
നഗരസഭാ ചെയര്‍മാന്‍ കെ ബാവ, സെക്രട്ടറി വിനു. സി. കുഞ്ഞപ്പന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മുനീറ കിഴക്കാംകുന്നത്ത്, പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷ കെ. റംല,വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ഗീതാ പള്ളിയേരി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഹരീഷ്, അസി. എക്‌സി.എന്‍ജിനീയര്‍മാരായ കെ.അബ്ദുല്‍ അസീസ്, ഇ.കെ.മുഹമ്മദ് ഷാഫി, കോണ്‍ട്രാക്ടര്‍ അനീസ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."