പകര്‍ച്ചവ്യാധികള്‍: ജാഗ്രത കൈവിടരുതെന്ന് ഡി.എം.ഒ
മലപ്പുറം: നിപാ വൈറസ് നിയന്ത്രണവിധേയമായെങ്കിലും പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ചു ജാഗ്രത കൈവിടരുതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന. റമദാനോടനുബന്ധിച്ചു കാച്ചിനിക്കാട് പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക ഷെഡുകളില്‍നിന്ന് അച്ചാറുകള്‍ കഴിച്ചവരില്‍ 47 പേര്‍ക്കു മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതായും ഡി.എം.ഒ അറിയിച്ചു.
ഡെങ്കി, മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ചില നിര്‍ദേശങ്ങള്‍ പാലിക്കാനും അവര്‍ അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ തിളപ്പിച്ചാറിയ വെള്ളം സ്റ്റീല്‍ ബോട്ടിലുകളിലാക്കി കൊണ്ടുപോകണം, ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം, തണുത്തതും പഴകിയതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കണം, പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും പൂര്‍ണമായും ഭേദമാകുന്നതുവരെ വിശ്രമിക്കുകയും വേണം, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ് ടവ്വല്‍ ഉപയോഗിച്ചു പൊത്തിപ്പിടിക്കണം, പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍മലാ കുമാരി അധ്യക്ഷയായി. ഡി.എം.ഒ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മാഈല്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."