നോഹയുടെ പേടകത്തിലെ ചക്കമേള ശ്രദ്ധേയമാകുന്നു
കൊച്ചി: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു പഴമൊഴി. എന്നാല്‍ കായ്ച്ച ചക്കയുടെ മുള്ളുപോലും കളയില്ലെന്ന് റഫീക്കിന്റെ പുതുമൊഴി. തിരുവനന്തപുരം സ്വദേശി റഫീക്കിന്റെ കൈയ്യില്‍ ചക്ക കിട്ടിയാല്‍ മുള്ളുപോലും മിച്ചം കാണില്ല. അതുകൊണ്ടുപോലും വത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കിക്കളയും ഇദ്ദേഹം. കൊച്ചി മറൈന്‍ ഡ്രൈവില്‍ നോഹയുടെ പേടകമെന്നപേരില്‍ നടക്കുന്ന കാര്‍ഷിക പുഷ്പ അലങ്കാര മത്സ്യകൃഷി വേദിയിലാണ് ചക്കയുടെ വിവിധ ഉത്പനങ്ങളുമായി റഫീക്ക് എത്തിയിരിക്കുന്നത്.
വിഭവങ്ങളില്‍ പ്രധാനം ചക്ക സദ്യയും ചക്ക കൊണ്ടുള്ള മസാല ദോശയുമാണ്. ചക്കകൊണ്ട് തയാറാക്കിയ 101 കൂട്ടം കറികളടങ്ങിയതാണ് ചക്ക സദ്യ. ഓരോദിവസവും 18 കൂട്ടം കറികളാണ് നല്‍കുക. ഇങ്ങിനെ പലദിവസങ്ങളിലായിട്ടാണ് 101 കൂട്ടം കറികള്‍ നല്‍കുന്നത്. ഇതുകൂടാതെ രണ്ട് തരം ചക്ക പായസവും സദ്യക്കൊപ്പമുണ്ട്. സദ്യക്ക് കുടിക്കാന്‍ നല്‍കുന്ന വെള്ളമാകട്ടെ ചക്കയുടെ പുറത്തുള്ള മുള്ള് ഇട്ട് തിളപ്പിച്ചതാണ്. ചക്കമാവുകൊണ്ടുണ്ടാക്കുന്ന മസാല ദോശയില്‍ മസലാക്കുട്ടിലും ചക്കയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം വിളമ്പുന്ന ചമ്മന്തിയും സാമ്പാറും ചക്കകൊണ്ടു ഉണ്ടാക്കിയത് തന്നെ.
ഇതുകൂടാതെ ചക്കകൊണ്ടുള്ള 101കൂട്ടം പലഹാരങ്ങളും റഫീക്കിന്റെ സ്റ്റാളിലുണ്ട്. ചക്ക ചില്ലി, ചക്ക അട, ചക്കപഴംപൊരി, ചക്കവട, ചക്ക ഉണ്ണിയപ്പം തുടങ്ങി പലഹാരങ്ങളുടെ നീണ്ടനിരയുണ്ടിവിടെ. അഞ്ച് ദിവസം പ്രയമുള്ള ചക്കമുതല്‍ പഴുത്ത ചക്കവരെ എങ്ങിനെ ഉപയോഗിക്കാമെന്ന് ഇവിടെ എത്തുന്നവര്‍ക്ക് റഫീക്ക് വിശദീകരിച്ചു നല്‍കുന്നുണ്ട്.
ചക്കകൊണ്ടുള്ള അരവണപ്പായസവും ചക്കസൂപ്പുമാണ് അണിയറയില്‍ ഒരുങ്ങുന്ന പുതു വിഭവങ്ങള്‍. എഴിന് മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവയുടെ രുചിവൈവിധ്യം നുണയാം.
നമ്മള്‍ കഴിക്കുന്ന എല്ലാ വിഭവങ്ങളും ചക്കയില്‍ ചെയ്യാനാകുമെന്ന് റഫീക്ക് പറയുന്നു. രുചി ഒട്ടും ചോര്‍ന്നു പോകാതോയാണ് വിഭവങ്ങള്‍ തയാറാക്കുന്നത്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവ വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. 125 രൂപയാണ് ചക്കയുണിന്റെ വില. മസാല ദോശക്ക് 70 രൂപയും. ഗുണവും രുചിയും വച്ച് നോക്കുമ്പോള്‍ വില ഒട്ടും കൂടുതലല്ലെന്ന് കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. ചക്കയുടെ പുറം തോട് കരിച്ചത് പല്ലുതേക്കാന്‍ ഉത്തമമാണെന്നും റഫീക്ക് പറഞ്ഞു.
തൃശൂര്‍ സ്വദേശി പ്രിന്‍സനാണ് മറൈന്‍ഡ്രൈവില്‍ നോഹയുടെ പേടകം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, അങ്കമാലി എന്നിവിടങ്ങളില്‍ നടത്തിയ എക്‌സിബിഷനു ശേഷമാണ് പ്രിന്‍സ് നോഹയുടെ പേടകവുമായി കൊച്ചിയിലെത്തിയത്. 100 സ്റ്റാളുകളാണ് ഇവിടെയുള്ളത് വൈവിധ്യമായ പക്ഷികളും, അലങ്കാര മത്സ്യങ്ങളും, കാര്‍ഷിക വിളകളും പ്രദര്‍ശനത്തിനുണ്ട്. ഇവകൂടാതെ വിവിധയിനം ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഒരുമാസമാണ് മേളയുടെ ദൈര്‍ഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."