'കൊണ്ടുവെട്ടി' കൊണ്ടോട്ടിയായത്...
മലബാറിലെ പുരാതന മസ്ജിദുകളിലൊന്നാണ് കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ പള്ളി നിര്‍മിച്ചത്. തിരൂരങ്ങാടിയില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പോയിരുന്ന കാലത്താണ് കൊണ്ടോട്ടി പ്രദേശത്ത് ഒരു മസ്ജിദ് നിര്‍മിക്കാന്‍ പ്രദേശത്തുകാര്‍ തീരുമാനിച്ചത്.
ഒരിക്കല്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ അവിടെയെത്തിയപ്പോഴേക്കും തിരൂരങ്ങാടിയില്‍ ജുമുഅ കഴിഞ്ഞിരുന്നുവത്രേ. ഈ ഒരു സാഹചര്യത്തില്‍ നാട്ടില്‍ ഒരു ജുമാമസ്ജിദ് സ്ഥാപിക്കാന്‍ തീരുമാനമായി. കാടു വെട്ടിത്തെളിച്ചാണ് ഇവിടെ പള്ളി നിര്‍മിച്ചത്. കാടുവെട്ടിയ പ്രദേശമെന്ന നിലയില്‍ പ്രദേശം 'കൊണ്ടുവെട്ടി'യെന്നു വിളിക്കപ്പെട്ടു. ഇതു ലോപിച്ചാണ് കൊണ്ടോട്ടിയെന്ന പേരു വന്നതെന്നു ചരിത്രം.
പ്രസിദ്ധരായ ഓമാനൂര്‍ ശുഹദാക്കളുടെ മഖ്ബറ സ്ഥിതിചെയ്യുന്നതു പഴയങ്ങാടി പള്ളിയോടു ചേര്‍ന്നാണ്. പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ നടന്ന കലാപത്തില്‍ മൂന്നു പേരാണ് രക്തസാക്ഷികളായത്. കുഞ്ഞാലി, കുഞ്ഞിപ്പോക്കര്‍, മുഹ്‌യുദ്ദീന്‍ എന്നിവരാണ് അവര്‍. ഓമാനൂരില്‍ ഹിജ്‌റ 1128 ദുല്‍ഹജ്ജ് ഏഴിനായിരുന്നു യുദ്ധം. സര്‍വായുധ സജ്ജരായ എതിര്‍ ചേരിയോട് ഓരോരുത്തരായി യുദ്ധം ചെയ്തായിരുന്നു ഇവരുടെ രക്തസാക്ഷിത്വം.
മലബാറിലുടനീളം ഇവരുടെ രകത്സാക്ഷിത്വ ദിനമായ ദുല്‍ഹജ്ജ് ഏഴിനു ഓമാനൂര്‍ ശുഹദാ അനുസ്മരണവും നേര്‍ച്ചയും നടന്നുവരുന്നു.
പഴയങ്ങാടി പള്ളിയിലെ ഖാസിമാരായിരുന്ന മഖ്ദൂം സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മറ്റത്തൂര്‍ ഖാസി എന്നിവരുടെയും ഖബറുകളും പള്ളിയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു. പഴമയുടെ പ്രൗഢിയില്‍ ശില്‍പചാതുര്യവും വാസ്തു വൈദഗ്ധ്യവും നിറഞ്ഞുനില്‍ക്കുന്ന പുരാതന പള്ളികളിലൊന്നാണ് കൊണ്ടോട്ടിയിലെ പഴയങ്ങാടി ജുമാമസ്ജിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."