കടലാക്രമണ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപും കലക്ടര്‍ സന്ദര്‍ശിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിലെ കടലാക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു.
കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളും അപകടാവസ്ഥയിലായ വീടുകളും പരിശോധിക്കുകയും വണ്ടാനം മെഡിക്കല്‍ കോളജ് കാംപസിലെ ദുരിതാശ്വാസ ക്യാംപിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് വീട് കടലെടുക്കുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത 22 കുടുംബങ്ങള്‍ താമസിക്കുന്ന വണ്ടാനം മെഡിക്കല്‍ കോളജിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കലക്ടര്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
85 അംഗങ്ങളാണ് ക്യാംപില്‍ ഇപ്പോള്‍ ഉള്ളത്. മറ്റൊരു താമസ സൗകര്യം ആകുന്നതുവരെ നിലവിലെ ക്യാംപ് തുടരുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം അന്തേവാസികള്‍ക്ക് ഉറപ്പ് നല്‍കി.
ക്യാംപില്‍ ഭക്ഷണം, പൊലിസ് സംരക്ഷണം, എപ്പോഴും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ക്യാംപിലുള്ളവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡി.എം. ഓയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി കലക്ടര്‍ പറഞ്ഞു.
കടലോരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.
വളഞ്ഞവഴിയിലെ കടല്‍ത്തീരം, കടലാക്രമണത്തില്‍ നശിച്ച വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. സ്ഥായിയായ പ്രശ്‌ന പരിഹാരത്തിനായി പുലിമുട്ടുകള്‍ കെട്ടുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."