പാണാവള്ളിയിലെ കണ്ണംകുളവും പരിസരവും വിനോദസഞ്ചാര കേന്ദ്രമാകുന്നു
പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കുളവും (കണ്ണംകുളം) പരിസരവും വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി തുടങ്ങി.
രണ്ടു ഘട്ടമായി ആറുലക്ഷം രൂപ ചെലവഴിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചേര്‍ത്തല-അരൂക്കുറ്റി റോഡരികില്‍ സ്ഥിതി ചെയ്യുന്ന പ്രധാന കുളമാണിത്. കുളത്തിലെ വെള്ളത്തില്‍ അഴുക്കും കല്‍ക്കെട്ടുകള്‍ തകര്‍ന്നും പരിസരം പുല്ലുകള്‍ വളര്‍ന്നു കാടുപിടിച്ച നിലയിലുമാണ് ഇപ്പോഴുള്ളത്.
പദ്ധതിയുടെ ഭാഗമായി കുളത്തിന്റെ പരിസരം വൃത്തിയാക്കലാണ് പ്രധാനം. ഇതിന്റെ നടപടികള്‍ തുടങ്ങി. കുളം ആഴംകൂട്ടി വൃത്തിയാക്കലും കല്‍ക്കെട്ടുകളുടെ തകര്‍ച്ച പരിഹരിക്കലും മാലിന്യങ്ങള്‍ തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തലും നടത്തും. കുളത്തിന്റെ വടക്ക്, തെക്ക് വശങ്ങളില്‍ നിരപ്പാക്കി ടൈല്‍സുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ ഇടവിട്ട് ഇരിപ്പിടങ്ങളും ഹാന്‍ഡ് റെയ്ല്‍, കുട്ടികള്‍ക്കുള്ള കളിഉപകരണങ്ങള്‍ തുടങ്ങിയവയും സ്ഥാപിക്കും.
കുളത്തിന്റെ പടിഞ്ഞാറ് വശം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമായതിനാല്‍ അവിടം വൃത്തിയാക്കി ചെറിയ മെറ്റിലുകള്‍ നിരത്തും. കുടുംബശ്രീയുടെ ലഘുഭക്ഷണശാലയുമുണ്ടാകും. സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും നവീകരിക്കും.
നിശ്ചിത സമയത്തു മാത്രമായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. മികച്ച പ്രവര്‍ത്തനമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപവും പ്രധാന റോഡരികിലും പാര്‍ക്ക് വരുന്നതോടെ പ്രദേശം ഏറെ ശ്രദ്ധേയമാകും.
വിനോദത്തിനായി പെഡസ്റ്റല്‍ ബോട്ട് സര്‍വിസ് നടത്തുന്നതും പദ്ധതിയുടെ ഭാഗമാകും.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിപ്പും നിയന്ത്രണങ്ങളുമെല്ലാം കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനാണ് ആലോചനയെന്ന് പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."