വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; കൗമാരക്കാരനെ ജുവനൈല്‍ ഹോമിലയച്ചു
തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരനെ പൊലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു. അന്വേഷണത്തില്‍ ഇടുക്കി പൊലിസ് വീഴ്ച വരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദ് അന്വേഷണച്ചുമതല ഏറ്റെടുത്തു. സംഭവം കൈകാര്യം ചെയ്തതില്‍ ഇടുക്കി പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡി.വൈ.എസ്.പി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പൊലിസ് ചീഫിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് പൊലിസ് നിര്‍ദേശത്തെ തുടര്‍ന്ന് കൗമാരക്കാരനെ അച്ഛന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഫോട്ടോ കംപ്യൂട്ടര്‍ മോര്‍ഫിങിലൂടെ അശ്ലീല ചിത്രങ്ങളാക്കി ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഇതിശനതിരേ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇടുക്കി പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍, വേണ്ടത്ര ഗൗരവം അന്വേഷണത്തില്‍ ഉണ്ടായില്ലെന്നായിരുന്നു ആക്ഷേപം. പിന്നീടാണ് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ അന്വേഷണ ചുമതല തൊടുപുഴ ഡി.വൈ.എസ്.പി എന്‍.എന്‍ പ്രസാദിന് കൈമാറിയത്.
ഇടുക്കി സ്വദേശിനിയും നിര്‍ധന കുടുംബാംഗവുമായ പെണ്‍കുട്ടിയെ സമീപവാസിയായ കൗമാരക്കാരന്‍ നിരന്തരം ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി അടുക്കാതിരുന്നപ്പോഴാണ് അശ്ലീലചിത്രം പ്രചരിപ്പിച്ച് അപമാനിച്ചത്.
ഒരു ബന്ധുവില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തിയത്. തുടര്‍ന്ന് മോര്‍ഫ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടുക്കി സി.ഐ ക്ക് പരാതി നല്‍കിയെങ്കിലും കൂമാരക്കാരനെ പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതിനു ശേഷവും കൗമാരക്കാരന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."